ദിസ്പുർ : അസമിലെ ദിബ്രുഗഢ് ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ അനുഭാവിയായ അമൃതപാൽ സിംഗ് ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. പിന്തുണയുമായി ഇയാളുടെ 9 കൂട്ടാളികളും നിരാഹാര സമരം നടത്തുന്നുണ്ട്. ഭർത്താവിന് പിന്തുണയുമായി അമൃത്പാലിന്റെ ഭാര്യ കിരൺദീപ് കൗറും ജയിലിന് സമീപം നിരാഹാര സമരം നടത്തി. അമൃതപാൽ ആവശ്യപ്പെടുന്ന അഭിഭാഷകനെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് ഇയാളുടെ ആരോപണം.
പഞ്ചാബിൽ നിന്നാണ് ദേശീയ സുരക്ഷാ നിയമം പ്രകാരം അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ അസം ജയിലിലേക്ക് അയക്കുകയായിരുന്നു. അമൃത്പാലിനും കൂട്ടാളികൾക്കും അവരുടെ അഭിഭാഷകൻ രാജ്‌ദേവ് സിംഗിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് കിരൺദീപ് കൗർ പറഞ്ഞു. 5 ദിവസമായിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല എന്നുള്ളതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്നും ഇവർ വ്യക്തമാക്കി.
ദിബ്രുഗഡ് ജയിലിൽ അമൃത്പാലും കൂട്ടാളികളും ചേർന്ന് നടത്തുന്ന രണ്ടാമത്തെ സമരമാണ് ഇത് . ഏതാനും മാസങ്ങൾക്കു മുൻപും ഇവർ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു. ഭക്ഷണത്തിൽ ബോധപൂർവം പുകയില കലർത്തുന്നുവെന്നായിരുന്നു അന്ന് ആരോപണമുന്നയിച്ചിരുന്നത്.
Discussion about this post