ജയ്പൂർ: പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദർശിക്കും. രാവിലെ 11.15ന് രാജസ്ഥാനിലെ ജോധ്പുരിൽ എത്തുന്ന അദ്ദേഹം റോഡ്, റെയിൽ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ഏകദേശം 5000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് 3.30 മദ്ധ്യപ്രദേശിലെ ജബൽപുരിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ് – റെയിൽ – വാതക പൈപ്പ്ലൈൻ – പാർപ്പിട കുടിവെള്ള മേഖലകളിൽ 12,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ലൈറ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ‘എല്ലാവർക്കും വീട്’ നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനു കരുത്താർജിക്കും. പ്രധാനമന്ത്രി ആവാസ് യോജന – നഗരം പദ്ധതിക്ക് കീഴിൽ ഏകദേശം 128 കോടി രൂപ ചെലവിൽ നിർമിച്ച ഈ പദ്ധതി ആയിരത്തിലധികം ഗുണഭോക്തൃ കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും.
മധ്യപ്രദേശിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 4800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ദേശീയപാത 346-ലെ ഝർഖേഡ, ബേർസിയ, ദോൽഖേഡി എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് നവീകരണം; ദേശീയപാത 543-ലെ ബാലാഘാട്ട് – ഗോന്ദിയ ഭാഗത്തെ നാലുവരിപ്പാത; റൂധിയെയും ദേശ്ഗാവിനെയും ബന്ധിപ്പിക്കുന്ന ഖണ്ഡ്വ ബൈപ്പാസിന്റെ നാലുവരി പാത; ദേശീയപാത 47ന്റെ ടെമാഗാവ് മുതൽ ചിചോലി വരെയുള്ള ഭാഗം നാലുവരിയാക്കൽ; ബോർഗാവിനെ ഷാഹ്പുരുമായി ബന്ധിപ്പിക്കുന്ന നാലുവരി പാത; ഷാഹ്പൂരിനെ മുക്തായിനഗറുമായി ബന്ധിപ്പിക്കുന്ന നാല് വരി പാത എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ദേശീയ പാത 347സി-യുടെ ഖൽഘാട്ടിനെ സർവാർദേവ്‌ലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണവും രാഷ്ട്രത്തിന് സമർപ്പിക്കും.
Discussion about this post