ന്യൂഡൽഹി: അശാന്തി സൃഷ്ടിക്കാൻ ന്യൂസ് ക്ലിക്ക് ഇന്ത്യയുടെ വികലമായ ഭൂപടം തയ്യാറാക്കാൻ പദ്ധതിയിട്ടെന്ന് ഡൽഹി പോലീസ്. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബിർ പുർകയസ്ഥയുടെ റിമാൻഡ് റിപ്പോർട്ടിൽ കോടതിയ്ക്ക് മുൻപാകെയാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കൻ വ്യാപാരിയും കോടീശ്വരനുമായ നെവിൽ റോയ് സിംഘവുമായി പ്രബിറിന് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അരുണാചൽ പ്രദേശും, കശ്മീരും ഇല്ലാത്ത ഭൂപടം തയ്യാറാക്കുകയായിരുന്നു ന്യൂസ് ക്ലിക്കിന്റെ അജണ്ട. ഇതിനായുളള തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. നെവിൽ റോയുമായി നടത്തിയ ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു ഇതിനായുള്ള നീക്കങ്ങൾ മാദ്ധ്യമ സ്ഥാപനം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും അയച്ച ഇ മെയിലുകൾ ശേഖരിച്ചിട്ടുണ്ട്.
അരുണാചലും കശ്മീരും തർക്ക പ്രദേശങ്ങൾ എന്ന് കാണിക്കുന്ന തരത്തിൽ ഭൂപടം തയ്യാറാക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രബിറും സ്ഥാപനത്തിന്റെ നിക്ഷേപകനും എച്ച് ആർ മേധാവിയുമായ അമിത് ചക്രവർത്തിയും ചേർന്ന് 115 കോടിയിലധികം രൂപയാണ് കൈപ്പറ്റിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു.
ചൊവ്വാഴ്ചയായിരുന്നു വ്യാജ വാർത്ത ചമയ്ക്കാൻ ചൈനയിൽ നിന്നും ധനസമാഹരണം നടത്തിയതിന് പ്രബിറിനെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post