2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വിഖ്യാത എഴുത്തുകാരൻ ജോൺ ഫോസെ സ്വന്തമാക്കി. നോർവീജിയൻ എഴുത്തുകാരനായ ഫോസെ നൂതന നാടകങ്ങൾക്കും ഗദ്യത്തിനും ജീവൻ പകർന്നതിനാണ് പുരസ്കാരത്തിന് അർഹനായത്. ആധുനിക ലോകത്തെ നാടകകൃത്തുക്കളിൽ ഏറ്റവും പ്രശസ്തനായ ഒരാളായാണ് ഫോസെ അറിയപ്പെടുന്നത്.
1959-ൽ നോർവ്വെയിൽ ജനിച്ച ജോൺ ഫോസെ നാടകങ്ങൾ, നോവലുകൾ, കവിതാ ശേഖരങ്ങൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, വിവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ രചന നിർവഹിക്കുന്ന എഴുത്തുകാരനാണ്. സമാനതകളില്ലാത്തതുമായ കഥപറച്ചിൽ ശൈലിയുടെ പേരിൽ പ്രശസ്തനാണ് അദ്ദേഹം. രണ്ടു ഡസനിലേറെ നാടകങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് ഫോസെ.
2021-ൽ ജോൺ ഫോസെ രചിച്ച ‘സെപ്റ്റോളജി’ എന്ന പുസ്തകം ഗദ്യമേഖലയിലെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ലളിതമായ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് ‘ഫോസെ മിനിമലിസം’ എന്നൊരു ശൈലി തന്നെയുണ്ട്. ഏതൊരു എഴുത്തുകാരനെയും പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകൾക്കുള്ള ബഹുമാനപുരസ്സരമായാണ് ഇപ്പോൾ നൊബേൽ സമ്മാനം തന്നെ ലഭിച്ചിരിക്കുന്നത്. 2022-ൽ ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണാക്‌സിന് ആയിരുന്നു സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നത്.
Discussion about this post