റാഞ്ചി: ദേശീയ ഷൂട്ടിംഗ് താരം താര സഹദേവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ പ്രതി റാഖ്വിബുളിന് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. റാഖ്വിബുളിന്റെ മാതാവ് കൗസർ റാണിയ്ക്ക് പത്ത് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.
റാഞ്ചി സിബിഐ പ്രത്യേക കോടതിയുടേത് ആണ് നിർണായക വിധി. ഹൈക്കോടതി മുൻ രജിസ്ട്രാർ ആയിരുന്ന മുസ്താഖിന് 15 വർഷം തടവും ശിക്ഷയായി വിധിച്ചു. ഇതിന് പുറമേ മൂന്ന് പേരോടും 50,000 രൂപ ഒടുക്കാനും കോടതി നിർദ്ദേശിച്ചു. വിചാരണ വേളയിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതിയ്ക്ക് ബാദ്ധ്യപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു ശിക്ഷ വിധിച്ചത്. ജഡ്ജി പി.കെ ശർമ്മ ആണ് ശിക്ഷാ വിധി പറഞ്ഞത്. ഇതിന് പിന്നാലെ മൂന്ന് പ്രതികളെയും ബിർസ മുണ്ട സെൻട്രൽ ജയിലിലേക്ക് മാറ്റി.
2017 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. 2014 ൽ ആയിരുന്നു താരയും റാഖ്വിബുളും തമ്മിലുള്ള വിവാഹം. എന്നാൽ ഇതിന് ശേഷം ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ട് റാഖ്വിബുളും വീട്ടുകാരും താരയെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനം അസഹനീയമായതോടെ താര പോലീസിൽ പരാതി നൽകി. പരാതിയിൽ പീഡനം, ഗൂഢാലോചന, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു പോലീസ് കേസ് എടുത്തത്. ഇതിന് പിന്നാലെ മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം വിധിയിൽ സന്തോഷമുണ്ടെന്ന് താര പ്രതികരിച്ചു.
Discussion about this post