ന്യൂഡൽഹി : കമ്യൂണിസ്റ്റ് ഭീകരവാദം മനുഷ്യരാശിയ്ക്ക് ആപത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഭീകരവാദപ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയും. അതിനായി നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ തീവ്ര ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ അടിച്ചമർത്തുന്നതിനായി കേന്ദ്ര-സംസ്ഥാനങ്ങൾ സംയുക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിപ്പോൾ ഭീകരാക്രമണങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അമിത്ഷാ അറിയിച്ചു.
കമ്യൂണിസ്റ്റ് ഭീകരവാദത്തെ സമഗ്രമായി നേരിടാനായി 2015 മുതൽ ഒരു ‘ദേശീയ നയവും പ്രവർത്തന പദ്ധതിയും’നടപ്പിലാക്കി വരികയാണ്. ജനങ്ങളുടെ സുരക്ഷയും വികസനപ്രവർത്തനങ്ങളിലേക്കുള്ള വലിയ മുന്നേറ്റവുമാണ് നയത്തിന്റെ പ്രധാന സവിശേഷത. അതുവഴി വികസനത്തിന്റെ നേട്ടങ്ങൾ ദുരിതബാധിത പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തുമെന്ന് അമിത്ഷാ പറഞ്ഞു. ഭീകരാക്രമണ ബാധിത സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ 17,600 കിലോമീറ്റർ റോഡ് അനുവദിച്ചത് ഉൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലകളിൽ ടെലിഫോൺ കണക്ഷനുകൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ മൊബൈൽ ടവറുകൾ സ്ഥാപിച്ചു . ജനങ്ങളെ സാമ്പത്തികമായി മെച്ചപ്പെടുത്തുന്നതിനായി നിരവധി പോസ്റ്റ് ഓഫീസുകൾ, ബാങ്ക് ശാഖകൾ, എടിഎമ്മുകൾ, ബാങ്കിംഗ് കറസ്‌പോണ്ടന്റുകൾ എന്നിവ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് തലസ്ഥാനത്ത് നടക്കുന്ന കമ്യൂണിസ്റ്റ് ഭീകരവാദത്തെ (എൽഡബ്ല്യുഇ) കുറിച്ചുള്ള അവലോകന യോഗത്തിൽ അമിത്ഷാ അധ്യക്ഷത വഹിക്കും.രാവിലെ ആരംഭിക്കുന്ന യോഗത്തിൽ കേരളം, ബീഹാർ, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ്, ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ, എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സായുധ പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
Discussion about this post