പത്തനംതിട്ട : രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലെ മുൻജീവനക്കാരിയുടെ വീട്ടിലും പോലീസ് റെയ്ഡ്. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് ദില്ലി പോലീസ് പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്കിലെ വീഡിയോഗ്രാഫർ ആയിരുന്ന കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലായിരുന്നു ദില്ലി പൊലീസിന്റെ റെയ്ഡ്.
ദില്ലി പോലീസ് അനുഷ പോളിൽ നിന്നും വിശദമായി മൊഴിയെടുത്തു. ഇവരുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുൻപ് ന്യൂസ് ക്ലിക്കിൽ ജോലി ചെയ്തിരുന്ന അനുഷ ഈ അടുത്തകാലത്താണ് പത്തനംതിട്ടയിൽ താമസത്തിന് എത്തുന്നത്. സംസ്ഥാന പോലീസിന്റെ കൂടി സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്ത, എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവർ കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ചു , ചൈനീസ് സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിൽ നിന്ന് ഫണ്ടിംഗ് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരായി ഉയർന്നിട്ടുള്ളത്.
Discussion about this post