ന്യൂഡൽഹി: അബ് കി ബാർ 100 പാർ. ഇതായിരുന്നു ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നമ്മുടെ കായികതാരങ്ങൾ എടുത്ത പ്രതിജ്ഞ. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ അവസാനിക്കാൻ ഒരു നാൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഈ പ്രതിജ്ഞ അക്ഷരാർത്ഥത്തിൽ നമ്മുടെ കായിക താരങ്ങൾ പാലിച്ചിരിക്കുന്നു. അതെ ഇസ് ബാർ 100 പാർ.
ശനിയാഴ്ച രാവിലെ നടന്ന മത്സരങ്ങളിലാണ് ഇന്ത്യ മെഡലുകളുടെ എണ്ണം 100 തികച്ചത്. മൂന്ന് സ്വർണം കൂടി ഇതിന്റെ ഭാഗമാകുന്നു എന്നത് രാജ്യത്തിന്റെ മെഡൽ മധുരം ഇരട്ടിയാക്കുന്നു. മൂന്ന് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം തുടങ്ങി അഞ്ച് മെഡലുകളാണ് രാജ്യം ഇന്ന് നേടിയത്. ബാക്കിയുള്ള മത്സരങ്ങൾ കൂടി പുരോഗമിക്കുന്നതോടെ രാജ്യത്തിന്റെ മെഡൽ കരുത്ത് ഉയരുമെന്ന് ഉറപ്പ്. ഇതുവരെ 25 സ്വർണമാണ് രാജ്യത്തിന് ലഭിച്ചത്. 35 വെള്ളിയും 40 വെങ്കലവും സ്വന്തമാക്കി ഏഷ്യൻ ഗെയിംസിന്റെ മെഡൽ പട്ടികയിൽ ഇന്ത്യ നാലാമതായി തുടരുന്നു.
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യം 100 മെഡലുകൾ നേടുന്നത്. അതും ചൈനയുടെ മണ്ണിൽ നിന്നും എന്നത് 140 കോടി ജനങ്ങൾക്കും കൂടുതൽ അഭിമാനം നൽകുന്നു. ഇതിന് മുൻപ് ജക്കാർത്തയിൽ നടന്ന മത്സരത്തിൽ 70 മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതായിരുന്നു ചരിത്രത്തിലെ തന്നെ റെക്കോർഡ് മെഡൽ വേട്ട. 16 സ്വർണം, 23 വെള്ളി, 31 വെങ്കലം എന്നിങ്ങനെയായിരുന്നു അന്ന് രാജ്യം സ്വന്തമാക്കിയത്. എന്നാൽ നിലവിലെ മെഡൽ നില പരിശോധിക്കുമ്പോൾ ഇന്ത്യയുടെ മുന്നേറ്റം വ്യക്തം.
പുരുഷ കബഡി ടീം ഫൈനൽ മത്സരമുൾപ്പെടെയാണ് ഇന്ന് ഇനി ബാക്കിയുള്ളത്. കബഡിയിൽ ഇന്ത്യൻ പുരുഷ ടീം ഇറാനെ നേരിടും. ബാഡ്മിന്റൺ ഡബിൾസ് ഫൈനലിൽ സാത്വിക് സായാരാജ് രങ്കി റെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ഇറങ്ങും. ഇതോടെ മൂന്ന് മെഡലുകൾ കൂടി ഇന്ത്യ ആവനാഴിയിൽ ഒതുക്കും. ഹോക്കി വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ ടീം ഇന്ന് ജപ്പാനെ നേരിടും.
Discussion about this post