ടെൽ അവീവ് : ഹമാസ് ഭീകരാക്രമണത്തിൽ 500 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാവിലെയോടെ ഹമാസ് ഭീകരർ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിക്കുകയും തിരിച്ചടിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ അയൺ സ്വോർഡ് എന്ന പേരിലാണ് ആക്രമണം നടത്തുന്നത്. ഇസ്രായേൽ സൈന്യവും ഹമാസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഞായറാഴ്ചയും തുടരുകയാണെന്നാണ് ഇസ്രായേലി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രായേലി ജനതയ്ക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഹമാസ് ഭീകരർ 300 ഓളം പേരെ കൊലപ്പെടുത്തി. 1600 ഓളം സാധാരണക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. പലസ്തീൻ ആരോഗ്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു. വെസ്റ്റ് ബാങ്ക് മേഖലയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 1,700 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടില്ലെന്നും പലയിടങ്ങളിലും ഏറ്റുമുട്ടൽ തുടരുകയാണെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു. തെക്കൻ ഇസ്രായേലിന്റെ വിവിധ ഇടങ്ങളിൽ നിന്ന് മുന്നറിയിപ്പിന്റെ ഭാഗമായ സൈറൻ മുഴക്കം ഇന്ന് രാവിലെയും കേട്ടിരുന്നു. ഗാസ സ്ട്രിപ്പിന് സമീപത്തുള്ള സ്ഡെറോട്ട്, കിബ്ബട്ട്സ് നിർ ആം, യാദ് മൊർദെചൈ, നെറ്റിവ് ഹാസാറ തുടങ്ങിയ പ്രദേശങ്ങളിലാണ് സൈറൻ മുഴങ്ങിയത്.
Discussion about this post