സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ഗരുഡൻ്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പോസ്റ്റ് പ്രൊഡകഷൻ ജോലികൾ പൂർത്തീകരിച്ച ചിത്രം നവംബർ ആദ്യം തിയേറ്ററുകളിലെത്തുമെന്നാണ് ലഭ്യമായ വിവരം. അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോയും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
നീതിക്കുവേണ്ടി നിലകൊള്ളുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ഹരീഷ് മാധവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോൻ്റേത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
Discussion about this post