ലണ്ടൻ: ബ്രിട്ടീഷ് സർക്കാരിൻറെ ഔദ്യോഗിക മാദ്ധ്യമമായ ബിബിസിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ രംഗത്ത്. പാലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ ഭീകരരർ എന്നു തന്നെ വിളിക്കണമെന്ന് ഋഷി സുനക് അഭിപ്രായപ്പെട്ടു. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകളിൽ ഹമാസിനെ പടയാളികൾ (militant) എന്നാണ് ബിബിസി സംബോധന ചെയ്യുന്നത്. ഇതിനെതിരെയാണ് ഋഷി സുനക് പ്രതികരിച്ചത്.
”ഇത് നിഷ്പക്ഷത നടിക്കാനുള്ള സമയമല്ല. ഭീകരരെ ഭീകരർ എന്നു തന്നെ വിശേഷിപ്പിക്കണം”, ഋഷി സുനക് പറഞ്ഞു. ”യുകെ സർക്കാരും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആക്രമണകാരികളെ ഭീകരർ എന്നു വിളിച്ചാണ് ഇസ്രായേലിലെ സംഭവങ്ങളെ ഈ രാജ്യങ്ങളെല്ലാം അപലപിക്കുന്നത്”, ഋഷി സുനക് കൂട്ടിച്ചേർത്തു. ഋഷി സുനകിനൊപ്പം അനേകം എംപിമാരും ബിബിസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
”ഭാഷ പ്രധാനമാണ്, മാദ്ധ്യമങ്ങൾക്ക് ഒരു ഉത്തരവാദിത്വമുണ്ടാവണം. ഇസ്രായേലിൽ ആക്രമണം നടത്തിയത് ഭീകരർ തന്നെയാണ്. ഹമാസ് ഭീകരസംഘടന തന്നെയാണ്”, പ്രതിപക്ഷ പാർട്ടി നേതാവ് ലൂസിയാന ബെർഗർ പറഞ്ഞു. ഹമാസിനെതിരെ ശക്തമായ നിലപാടാണ് ഋഷി സുനക് സർക്കാർ കൈക്കൊള്ളുന്നത്. പ്രധാനമന്ത്രി തന്നെ പരസ്യമായി രംഗത്തെത്തിയത് ബിബിസിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ ബ്രിട്ടീഷ് സംസ്കാരിക മന്ത്രി ലൂസി ഫ്രെയ്സർ ബിബിസി മേധാവി ടിം ഡേവിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
”ഇത് കാലങ്ങളായുള്ള എഡിറ്റോറിയൽ മാർഗ്ഗ നിർദ്ദേശങ്ങളാണ്. മദ്ധ്യ പൂർവ്വേഷ്യയിലെ ഒരു സംഘടനകളെയും ഭീകരർ എന്നോ തീവ്രവാദികളെന്നോ ബിബിസിയിൽ പറയാറില്ല. ആയുധധാരികളെന്നോ, ആക്രമണകാരികളെന്നോ, പോരാളികളെന്നോ മാത്രമെ വിശേഷിപ്പിക്കാറുള്ളു”, ബിബിസി വക്താവ് പറഞ്ഞു.
ഗാസ ഇസ്ലാമിക യുണിവേഴ്സിറ്റിയിലെ അദ്ധ്യാപകനുമായുള്ള അഭിമുഖവും ബിബിസി ഇതിനിടെ സംപ്രേക്ഷണം ചെയ്തിരുന്നു.അഭിമുഖത്തിൽ ഇസ്രായേലിനെതിരെയുള്ള ആക്രമണം നീതിപൂർവ്വവും ധാർമ്മികവുമാണെന്ന് അദ്ധ്യാപകൻ അഭിപ്രായപ്പെട്ടിരുന്നു. ഈ സംഭവത്തിലും ബിബിസിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ബ്രിട്ടണിലെ പ്രതിപക്ഷ ലേബർ പാർട്ടി ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ സാധാരണ ഗതിയിൽ പാലസ്തീനെ അനുകൂലിച്ച് രംഗത്ത് വരാറുണ്ട്.എന്നാൽ ഇത്തവണ ലേബർ പാർട്ടിയും ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post