എറണാകുളം: കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ മകൾ വീണ വിജയൻ ഉൾപ്പെടെ മാസപ്പടി വാങ്ങിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അടുത്തിടെ മരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബു നൽകിയ റിവിഷൻ ഹർജിയാണ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഗിരീഷ് ബാബുവിന്റെ ഭാര്യയെ കക്ഷി ചേർത്താണ് കോടതി വാദം കേൾക്കുക.
ആദായ നികുതി സെറ്റിൽമെന്റ് രേഖയിൽ പണം കൈപ്പറ്റിയ രാഷ്ടീയക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടാണ് ഗിരീഷ് ബാബു കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ഉൾപ്പെടെ സെറ്റിൽമെന്റ് രേഖയിലുണ്ട്. അദ്ദേഹത്തിനെതിരെയുൾപ്പെടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയെ ആണ് ഗിരീഷ് ബാബു ആദ്യം സമീപിച്ചത്. എന്നാൽ ഹർജി തള്ളുകയായിരുന്നു. ഇതേ തുടർന്നായിരുന്നു സുപ്രീംകോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഗിരീഷ് ബാബു സെപ്തംബർ 18 ന് മരിക്കുകയായിരുന്നു.
ഇതിനിടെ മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും രംഗത്ത് എത്തിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് അദ്ദേഹം പരാതി നൽകിയത്. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം.
Discussion about this post