തിരുവനന്തപുരം: മെഡിക്കൽ നിയമന കോഴക്കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. മുഖ്യ ആസൂത്രകൻ ബാസിത്തിനെയും ആരോപണം ഉന്നയിച്ച ഹരിദാസനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചാണ് ഇവരിൽ നിന്നും മൊഴിയെടുക്കുക. ഇന്നലെയാണ് മഞ്ചേരിയിൽ നിന്നും ബാസിത്തിനെ അറസ്റ്റ് ചെയ്തത്.
നിയമനത്തിന് വേണ്ടി ഒരു ലക്ഷം രൂപ കൈപ്പറ്റിയത് ബാസിതാണെന്ന് ഹരിദാസൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇരുവരെയും ഒന്നിച്ച് ചോദ്യം ചെയ്യുന്നത്. ആരോഗ്യമന്ത്രിയുടെ പിഎയുടെ പേര് പറയാൻ ആവശ്യപ്പെട്ടത് ബാസിത്ത് ആണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലും പോലീസ് വ്യക്തത തേടും.
അതേസമയം ഗൂഢാലോചനയിൽ ഹരിദാസനും പങ്കാളിയാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ ഹരിദാസനെയും കേസിൽ പ്രതി ചേർക്കാൻ ആലോചിക്കുന്നുണ്ട്. ഹരിദാസനെ കോടതിയിൽ എത്തിച്ച് നൽകും. ഇതിന് ശേഷമാകും ഇക്കാര്യത്തിൽ പോലീസ് തീരുമാനം എടുക്കുക.
Discussion about this post