ജയ്പൂർ: പാർട്ടി പ്രവർത്തനങ്ങളിലും ജോലിയിലും മുഴുകി പോയതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂരിൽ കോളേജ് വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാർത്ഥിനികൾക്കൊപ്പമുള്ള രാഹുലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായിട്ടായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിദ്യാർത്ഥിനികളിൽ ഒരാൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്ന് രാഹുലിനോട് ചോദിക്കുകയായിരുന്നു. കാണാൻ സുന്ദരനാണ്…. മിടുക്കനുമാണ് പിന്നെ എന്തുകൊണ്ടാണ് ഇത്ര നാളായി വിവാഹം കഴിക്കാതിരുന്നത് എന്നായിരുന്നു ചോദ്യം.
ജോലിയിലും കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിലുമായിരുന്നു തന്റെ പൂർണ ശ്രദ്ധ. അതിനാൽ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്- രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിന് പുറമേ രാഹുലിന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചും അദ്ദേഹത്തോട് വിദ്യാർത്ഥികൾ ആരാഞ്ഞു. പാവയ്ക്ക, കടല, ചീര എന്നിവ ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ ആണെന്നും, ഇതൊഴികെ മറ്റെല്ലാം കഴിക്കുമെന്നും രാഹുൽ മറുപടി നൽകി. താൻ മുഖത്ത് ക്രീമോ സോപ്പോ തേക്കാറില്ല. വെള്ളത്തിൽ കഴുകുക മാത്രമാണ് ചെയ്യാറുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post