ന്യൂഡൽഹി: 26ാംആഴ്ചയിലെ ഗർഭഛിദ്രത്തിനുള്ള അനുമതി താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. 26 ആഴ്ച വളർച്ചയെത്തിയ ഭ്രൂണം സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി പുനഃപരിശോധന നടത്തുന്നത്. വളർച്ചയെത്താതെ കുട്ടി ജീവനോടെ ജനിച്ചേക്കുമെന്ന് ഡൽഹി എയിംസ് മെഡിക്കൽ ബോർഡ് ആശങ്ക പ്രകടിപ്പിച്ചതാണ് കേന്ദ്രസർക്കാർ സൂപ്രീംകോടതിയെ ചൂണ്ടിക്കാട്ടിയത്.
ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും ബിവി നാഗരത്‌നയും തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ആണ് കോടതിയെ സമീപിച്ചത്. തുടർന്ന് ഗർഭച്ഛിദ്രം നടത്താനായി ഡൽഹി എയിംസിലെ ഡോക്ടർമാർക്ക് അനുമതി നൽകി തിങ്കളാഴ്ച നൽകിയ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഗർഭച്ഛിദ്രം മാറ്റിവയ്ക്കണമെന്നും ഭ്രൂണത്തിൽ ജീവന്റെ തുടിപ്പുണ്ടോയെന്ന് നിരീക്ഷിക്കാനും കോടതി നിർദ്ദേശിച്ചു.
അവസാന നിമിഷത്തിൽ എയിംസ് റിപ്പോർട്ട് സമർപ്പിച്ചതിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസമുണ്ടായതെന്നും കോടതി ചോദിച്ചു. ”എന്തുകൊണ്ടാണ് ഉത്തരവിനു ശേഷം മാത്രം ഇങ്ങനെയൊരു റിപ്പോർട്ട് സമർപ്പിച്ചത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ നേരത്തെ അവർ സത്യസന്ധത പുലർത്താതിരുന്നത്? ഏത് കോടതിയാണ് ഹൃദയമിടിപ്പുള്ള ഭ്രൂണത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നത്? തീർച്ചയായും അത് ഞങ്ങളല്ലെന്ന് ജസ്റ്റിസ് ഹിമ കോലി പറഞ്ഞു. ഭ്രൂണഹത്യ നടത്തേണ്ടി വരുന്നതിൽ എയിംസ് അധികൃതർ നേരിടുന്ന മാനസികാവസ്ഥ കേന്ദ്രസർക്കാർ ഇന്നലെ ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിക്കുകയായിരുന്നു.
ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മുൻപ് ഗർഭസ്ഥ ശിശുവിനെ നീക്കം ചെയ്യണമെന്ന പരാതിക്കാരിയുടെ വാദം കോടതി വീണ്ടും കേൾക്കും. രണ്ട് കുട്ടികളുടെ അമ്മയാണ് ഹർജിക്കാരി. പ്രസവാനന്തര വിഷാദം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഗർഭച്ഛിദ്രം അനുവദിക്കണമെന്നാണ് ആവശ്യം.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി പ്രകാരം വിവാഹിതയായ ഒരു സ്ത്രീയ്ക്ക് 24 ആഴ്ച വരെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമദിയുണ്ട്. ബലാത്സംഗത്തിനിരയായവർ,ഭിന്നശേഷിക്കാർ,പ്രായപൂർത്തി ആകാത്തവർ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും.
Discussion about this post