ജറുസലേം: ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഗാസയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന കർശ നിലപാടുമായി ഇസ്രായേൽ. മനുഷ്യത്വം ഉള്ള മനുഷ്യന്മാർക്ക് മാത്രമേ മനുഷ്യത്വത്തിന്റെ പേരിൽ സഹായങ്ങൾ നൽകാൻ കഴിയൂ എന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രി ഇസ്രായേൽ കറ്റ്‌സ് പറഞ്ഞു. ബന്ദികളാക്കിയ മുഴുവൻ പേരെയും മോചിപ്പിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗാസയ്ക്ക് മനുഷ്യത്വപരമായ സഹായം?. ഭീകരർ തടവിലാക്കിയവരെ മോചിപ്പിക്കാതെ ഒരു വൈദ്യുതി സ്വിച്ചും ഓൺ ആകില്ല. ഒരു ഹൈഡ്രന്റുകളും തുറക്കില്ല, ഇന്ധനവുമായി ഒരു വാഹനവും അതിർത്തി കടക്കില്ല. മനുഷ്യത്വത്തിന്റെ പേരിൽ സഹായം നൽകേണ്ടത് മനുഷ്യത്വം ഉള്ളവർക്കാണ്. ധാർമ്മികതയെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട- ഇസ്രായേൽ കറ്റ്‌സ് ട്വിറ്ററിൽ കുറിച്ചു.
ജനവാസ മേഖലകളിലേക്കുള്ള ആക്രമണം ഹമാസ് ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേൽ ഗാസയ്ക്ക് ഉപരോധം ഏർപ്പെടുത്തിയത്. സംഘർഷം ആരംഭിച്ചതിന് തൊട്ട് പിന്നാലെ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ നിർത്തിവച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയുമെല്ലാം വിതരണവും നിർത്തുകയായിരുന്നു.
എന്നാൽ ഉപരോധത്തിൽ ഇസ്രായേലിനെ വിമർശിച്ച് തുർക്കിയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത് എത്തി. ഗാസയ്ക്ക് ഉപരോധം ഏർപ്പെടുത്തിയത് മനുഷ്യത്വം ഇല്ലായ്മയാണെന്ന് ആയിരുന്നു തുർക്കി പ്രസിഡന്റ് റെസെപ് തയ്യിബ് എർദോഗാൻ പ്രതികരിച്ചത്. ഇതിനോട് ആയിരുന്നു ഇസ്രായേൽ കറ്റ്‌സയുടെ പ്രതികരണം.
Discussion about this post