തിരുവനന്തപുരം: ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ യുദ്ധം നടത്തുന്ന ഗാസയിൽ സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോഴുണ്ടായ സാഹചര്യം അതീവ ഗൗരവതരമാണ്. സമാധാന പരമായ അന്തരീക്ഷം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് കേന്ദ്ര സർക്കാർ നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യാ സർക്കാരിനും ഇന്ത്യയ്ക്കും ഇക്കാര്യത്തിൽ പ്രധാന പങ്കു വഹിക്കാൻ കഴിയും. യുഎൻ ഒക്കെ അംഗീകരിച്ചിട്ടുളള കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിന്റെ കൃത്യമായ നടപ്പാകൽ അവിടെ ഉണ്ടാകണം. അതിനാവശ്യമായ ഇടപെടൽ ഇന്ത്യാ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. അതിന് പ്രധാനമന്ത്രിയായാലും വിദേശകാര്യമന്ത്രിയായാലും നേതൃത്വപരമായ പങ്കു വഹിക്കണമെന്നും പിണറായി പറഞ്ഞു.
നേരത്തെ ഇന്ത്യയിലെ സർക്കാരുകൾ പലസ്തീൻ അനുകൂല നിലപാടുകളാണ് സ്വീകരിച്ചുവന്നത്. പിന്നീട് അതിൽ നിന്ന് വ്യത്യാസം വന്നു. ഗാസ യുദ്ധത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ല. ഹമാസിനെ ഭീകരർ എന്ന് വിളിച്ചത് കെകെ ഷൈലജ ടീച്ചറിനോട് ചോദിച്ചെങ്കിലേ പറയാനാകൂ എന്നും പിണറായി പറഞ്ഞു.
ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ കാലാകാലങ്ങളായി നമ്മുടെ സർക്കാരുകൾ സ്വീകരിച്ചുവരുന്ന നിലപാടുണ്ട്. പലസ്തീന്റെ അവകാശങ്ങൾക്ക് മേൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റത്തോട് യോജിപ്പില്ല. പലസ്തീൻ ജനത ഏത് തരത്തിലുളള പീഡനമാണ് എല്ലാക്കാലത്തും അനുഭവിച്ചതെന്ന് ലോകത്താകെ എല്ലാവർക്കും അറിയാവുന്നതാണ്. അത്തരം അവസ്ഥ അതേ രീതിയിൽ തുടരണമെന്നല്ല ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിടെ കുടുങ്ങിയ മലയാളികളെ സുരക്ഷിതത്വം ഒരുക്കി തിരിച്ചുകൊണ്ടുവരണമെന്നും കേന്ദ്രസർക്കാരിനോട് അക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post