ജറുസലേം: ഹമാസ് ഭീകരരിൽ നിന്നും മാസങ്ങൾ മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടെ ഇസ്രായേലി ദമ്പതികൾക്ക് ദാരുണാന്ത്യം. 30 വയസ്സിനോട് അടുത്ത് പ്രായമുള്ള ഇറ്റലി – ഹദാർ ബെർജിഷേവ്‌സ്‌കി എന്നിവരാണ് കൊല്ലപ്പെട്ടത്. 10 മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടെയായിരുന്നു ഇരുവരെയും അതി ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദമ്പതികളും കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഘർഷത്തിനിടെ ഇവിടേയ്ക്ക് ഹമാസ് ഭീകരർ അതിക്രമിച്ച് കടക്കുകയായിരുന്നു. വാതിൽ അടച്ചിരുന്നു. ഇത് ഭീകരർ ചവിട്ടി തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഭീകരരാണെന്ന് വ്യക്തമായതോടെ ദമ്പതികൾ ഭയന്നു. ഉടനെ കുഞ്ഞുങ്ങളെ വീടിന്റെ രഹസ്യഭാഗത്തേക്ക് മാറ്റുകയായിരുന്നു.
അപ്പോഴേയ്ക്കും ഭീകരർ വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നു. ഇവരെ പ്രതിരോധിക്കാൻ ദമ്പതികൾ ആവുന്നത്ര ശ്രമിച്ചു. കയ്യിൽ കിട്ടിയതെല്ലാമെടുത്ത് പ്രത്യാക്രമണം നടത്തി. ഇതിനിടെ ഇരുവർക്കും നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇരുവരും കൊല്ലപ്പെട്ടതോടെ ഭീകരർ അവിടെ നിന്നും പോയി. 14 മണിക്കൂറുകൾക്ക് ശേഷം സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് കുഞ്ഞുങ്ങളെ കണ്ടത്. ഉടനെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ദമ്പതികൾ ഉൾപ്പെടെ 1300 പേരായിരുന്നു ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഹമാസ് ഭീകരരിൽ നിന്നും സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ ദമ്പതികൾ നടത്തിയ പോരാട്ടത്തെക്കുറിച്ച് ഇസ്രായേൽ എംബസിയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ദമ്പതികളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി ഇസ്രായേൽ എംബസി അറിയിച്ചു. ദമ്പതികൾക്ക് ഇസ്രായേലിന്റെ ആദരം. ഭീകരരെ ഇല്ലാതാക്കി ജനങ്ങളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും എംബസി വ്യക്തമാക്കി.










