ന്യൂഡൽഹി :ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കസന്തുറൈയ്ക്കും ഇടയിലുള്ള ഫെറി സർവ്വീസ് ഉദ്‌ഘാടനവേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഫെറി സർവ്വീസിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ നിർവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്.സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രമാണ് ഇരു രാജ്യങ്ങളും തമ്മിൽ പങ്കിടുന്നത്.പട്ടിനപ്പാളൈ, മണിമേഖലാ തുടങ്ങിയ സംഘകാല സാഹിത്യങ്ങൾ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നു.നമ്മുടെ രാജ്യങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നു. ഇതിലൂടെ രാജ്യങ്ങളുടെ വ്യാപാരം, ടൂറിസം,ആളുകൾ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നു. ഇരു രാജ്യങ്ങളിലെയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു. 2015 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത ബന്ധത്തിൽ വർധിച്ച സഹകരണം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നാഗപട്ടണത്തിനും കാങ്കസന്തുറൈയ്ക്കും ഇടയിലുള്ള ഫെറി സർവ്വീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
3 കോടി രൂപ ചിലവിട്ട് കേന്ദ്രസർക്കാർ നാഗപട്ടണം തുറമുഖത്തിന്റെ ആഴം വർദ്ധിപ്പിച്ചിരുന്നു. ഈ ഫെറി സർവ്വീസ് തുറന്നതിലൂടെ നാഗപട്ടണത്ത് നിന്നും 3 മണിക്കൂറിൽ ശ്രീലങ്കയിലെത്താം. 111 കിലോമീറ്റർ ദൂരമാണുളളത്.
Discussion about this post