ബേറൂട്ട്: ഇസ്രായേലിനെതിരെ ഹമാസിനൊപ്പം നിന്ന് പോരാടുമെന്ന് ലെബനൻ ഭീകര സംഘടനയായ ഹിസ്‌ബൊള്ള. തങ്ങൾ പൂർണ സജ്ജരാണ്. ഉചിതമായ സമയത്ത് തങ്ങൾ പ്രവർത്തിച്ചു തുടങ്ങുമെന്നും ഹിസ്‌ബൊള്ള ഉപമേധാവി നയിം ഖാസിം വ്യക്തമാക്കി. പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ഖാസിമിന്റെ പ്രതികരണം.
നിലവിൽ ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള എല്ലാ സഹായങ്ങളും ഹമാസിന് നൽകുന്നുണ്ട്. തങ്ങൾ പൂർണ സജ്ജരാണ്. ഉചിതമായ സമയം ആകുമ്പോൾ ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസിനൊപ്പം ചേരും. പോരാട്ടത്തിൽ ഇടപെടരുത് എന്നാണ് തങ്ങളോട് അറബ് രാജ്യങ്ങൾ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടുള്ളത്. എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്ന് തങ്ങൾ തീരുമാനിക്കും. ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഹിസ്‌ബൊള്ളയ്ക്ക് കൃത്യമായ ബോധമുണ്ടെന്നും ഖാസിം കൂട്ടിച്ചേർത്തു.
തുടക്കം മുതൽ തന്നെ ഹമാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഹിസ്‌ബൊള്ള സ്വീകരിച്ചിരുന്നത്. പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ഹിസ്‌ബൊള്ളയും ഇസ്രായേലിൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇസ്രായേൽ ചുട്ട മറുപടി നൽകിയതിനെ തുടർന്ന് ഹിസ്‌ബൊള്ള പിൻവാങ്ങുകയായിരുന്നു.
അതേസമയം ശനിയാഴ്ച ഉണ്ടായ ആക്രമണത്തിൽ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്കാണ് പരിക്കേറ്റത്.
Discussion about this post