ന്യൂഡൽഹി:ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന ‘അശ്ലീല’ പ്രവൃത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂരിലെ തിര്ഖുരയിലെ റിസോർട്ടിലെ വിരുന്ന് ഹാളിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട പോലീസ് കേസ് കോടതി തള്ളി.
ഹൈക്കേ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് തിർഖുരയിലെ ടൈഗർ പാരഡൈസ് റിസോർട്ടിലും വാട്ടർ പാർക്കിലും പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. അന്വേഷണസംഘമെത്തിയപ്പോൾ ആറ് സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് മോശമായ രീതിയിൽ നൃത്തം ചെയ്യുന്നതാണ് കണ്ടതെന്ന് എഫ് ഐ ആറിൽ പറയുന്നു.
കാണികളിൽ ചിലർ മദ്യപിക്കുകയും യുവതികൾക്കുമേൽ പത്ത് രൂപയുടെ വ്യാജനോട്ടുകൾ എറിയുകയും ചെയ്തിരുന്നു. സെക്ഷൻ 294 പ്രകാരം അശ്ലീല പ്രവർത്തികളുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് പരിപാടിക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
‘ഇന്നത്തെ കാലത്ത് സ്ത്രീകൾ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് സാധാരണവും സ്വീകാര്യവുമാണ്. സിനിമകളിലും പൊതുജനങ്ങൾക്ക് മുന്നിൽ നടത്തുന്ന സൗന്ദര്യമത്സരങ്ങളിലും ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് കാണാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, പ്രകോപനപരമായി നൃത്തം ചെയ്യുക, അശ്ലീലമെന്ന് ഉദ്യോഗസ്ഥർക്ക് തോന്നിച്ച ആംഗ്യങ്ങൾ കാട്ടുക എന്നിവ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെ അശ്ലീല പ്രവർത്തികളായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.








