ന്യൂഡൽഹി: യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി വിദേശകാര്യമന്ത്രാലയം വക്താവ് ആയിരുന്ന അരിന്ദം ബാഗ്ചിയെ നിയമിച്ചു. വിദേശകാര്യ വക്താവ് എന്ന നിലയിൽ ശ്രദ്ധേയമായ സേവനമായിരുന്നു അരിന്ദം ബാഗ്ചി കാഴ്ചവെച്ചത്. നേരത്തെ തന്നെ സ്ഥാനക്കയറ്റം ലഭിച്ചതോടെ നിയമനത്തിന് അർഹത നേടിയിരുന്നെങ്കിലും ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ വൈകിപ്പിക്കുകയായിരുന്നു.
നിലവിൽ വിദേശകാര്യമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ് അരിന്ദം ബാഗ്ചി. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവ്വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ് ബാഗ്ചി. 2021 മാർച്ചിലാണ് വിദേശകാര്യമന്ത്രാലയം വക്താവായി ചുമതലയേറ്റത്. കോവിഡ് പ്രതിസന്ധി സമയത്തും അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിലുമൊക്കെ കൃത്യമായ നിലപാടോടെ ഇടപെടലുകൾ നടത്താൻ ബാഗ്ചിക്ക് ആയിരുന്നു.
വിദേശരാജ്യങ്ങളുമായുളള പല വിഷയങ്ങളിലും രാജ്യത്തിന് വേണ്ടി കൃത്യമായ മറുപടികളായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് എന്ന നിലയിൽ ബാഗ്ചി നൽകിയിരുന്നത്. പുതിയ ഉത്തരവാദിത്വം വൈകാതെ ബാഗ്ചി ഏറ്റെടുക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന.
Discussion about this post