ലണ്ടൻ: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ലോക ജനതയെ ഞെട്ടിക്കുന്നതായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹൗസ് ഓഫ് കോമൺസിൽ ഇസ്രായേൽ്- ഹമാസ് യുദ്ധത്തെക്കുറിച്ച് വിശദീകരിക്കവേയാണ് ഹമാസിന്റെ ഭീകരാക്രമണത്തിന് ഇരകളാകേണ്ടി വന്ന ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഋഷി സുനകിന്റെ വാക്കുകൾ. ഇസ്രായേലിന്റേത് ജൂതസമൂഹത്തിന്റെ സുരക്ഷിത മാതൃരാജ്യത്തിനായുളള പോരാട്ടമാണെന്നും ഋഷി സുനക് പറഞ്ഞു.
നിരപരാധികളായി പലസ്തീൻ ജനങ്ങളെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണ് ഹമാസ്. അതിന് ഇരകളായവർക്ക് ആദരവ് അർപ്പിച്ച് ബ്രിട്ടനും ആ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ഋഷി സുനക് പറഞ്ഞു.
പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും കുഞ്ഞുങ്ങളെയും ഉൾപ്പെടെ ഹമാസ് ഭീകരർ ക്രൂരതയ്ക്ക് ഇരയാക്കി. ചിലരെ ജീവനോടെ കത്തിച്ചു. ചിലരുടെ മൃതദേഹങ്ങൾ പോലും വികൃതമാക്കി. ഇസ്രായേലിന് യുകെയുടെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഋഷി സുനക് പറഞ്ഞു. ഇസ്രായേലിലെയും ഗാസയിലെയും ഏറ്റവും പുതിയ സാഹചര്യങ്ങൾ അദ്ദേഹം ഹൗസ് ഓഫ് കോമൺസിൽ വിശദീകരിച്ചു.
ഹമാസിന്റെ ക്രൂരതയിൽ 30 വിദേശരാജ്യങ്ങളിൽ നിന്നുളള പൗരൻമാർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് ഋഷി സുനക് പറഞ്ഞു. ആറ് ബ്രിട്ടീഷ് പൗരൻമാരെങ്കിലും കൊല്ലപ്പെട്ടു. പത്ത് പേരെ കാണാനില്ല. ഇവരെ കണ്ടെത്താൻ ഇസ്രായേലുമായി ചേർന്ന് പരിശ്രമിച്ചുവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്രായേലിൽ നിന്ന് തിരിച്ചെത്താൻ താൽപര്യമുളള ബ്രിട്ടീഷ് പൗരൻമാർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഋഷി സുനക് വ്യക്തമാക്കി.
ബ്രിട്ടനിലെ ജൂത സമൂഹവുമായി നേരിട്ട് ആശയവിനിമയം നടത്തിയതായും ഏത് സമയവും ബ്രിട്ടൻ അവർക്കൊപ്പമാണെന്നും ഋഷി സുനക് പറഞ്ഞു. അവരെ സംരക്ഷിക്കാനായി എന്ത് നടപടിയും ബ്രിട്ടൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post