പാലക്കാട്: മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പിഎ സുരേഷിനെ ഒഴിവാക്കി. പാലക്കാട് മുണ്ടൂരിലെ ‘നൂറിന്റെ നിറവില് വിഎസ്’ പരിപാടിയിലാണ് അദ്ദേഹത്തിന്റെ മുന് പഴ്സനല് അസിസ്റ്റന്റ് എ.സുരേഷിനെ വിലക്കിയത്. പാർട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിഎസിന്റെ നൂറാം പിറന്നാൾ ദിനമായ 20ന് നടത്താൻ തീരുമാനിച്ച പരിപാടിക്ക് സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു.പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയിലായിരുന്നു ക്ഷണം. സുരേഷ് അതു സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കുകയും ചെയ്തു. തുടർന്ന് സുരേഷിനെ പരിപാടിയിൽ നിന്ന് വിലക്കി. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കി. വിഎസിന്റെ സന്തത സഹചാരിയായിരുന്ന സുരേഷിനെ കാരണങ്ങളൊന്നുമില്ലാതെയാണ് ഒഴിവാക്കിയത്. സംഭവത്തിൽ ദുഃഖമുണ്ടെന്ന് സുരേഷ് പ്രതികരിച്ചു.
അതേസമയം മണ്ണഞ്ചേരി മാലൂർ കുടുംബക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തും.ജന്മദിനത്തിൽ വി.എസിന്റെ പേരിൽ അന്നപൂർണേശ്വരിക്കും ഉപ ദേവീദേവന്മാർക്കും പൂജയുണ്ട്. പാൽപ്പായസ നിവേദ്യവുമുണ്ടാകും.വാരനാട് ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ. വി.എസിന്റെ പേരിൽ എല്ലാ ജന്മനക്ഷത്രത്തിലും മാലൂർ കാവിൽ ദേവീക്ഷേത്രത്തിൽ വഴിപാടു നടത്താറുണ്ട്. ഭാര്യ വസുമതിയും മകൻ വി.എ. അരുൺകുമാറും എത്താറുണ്ടെന്നും സാമ്പത്തികസഹായം നൽകാറുണ്ടെന്നും ദേവസ്വം പ്രസിഡന്റ് തോപ്പിൽ സുധീന്ദ്രനും കൺവീനർ ജയതിലകനും പറയുന്നു.
2019 ഒക്ടോബർ 24 മുതലാണ് ഡോക്ടർമാർ വിഎസിന് പൂർണ്ണ വിശ്രമം നിർദേശിച്ചത്. നേരിയ പക്ഷാഘാതത്തിന്റെ പിടിയിലകപ്പെട്ടതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമാണുള്ളത്.












