ലഖ്‌നൗ : ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപുണ്ടായിരുന്ന സർക്കാരുകൾ അംബേദ്കറിന് വേണ്ടത്ര പരിഗണന നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാപ്പൂരിലെ ആനന്ദ് വിഹാറിൽ സംഘടിപ്പിച്ച പട്ടികജാതി/പട്ടികവർഗ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബാബാ സാഹിബുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം തീർത്ഥാടനകേന്ദ്രങ്ങളാക്കി മാറ്റി. ഡോ. ഭീംറാവു അംബേദ്കറുടെ കാഴ്ചപ്പാടുകൾ ഈ സർക്കാർ ഓരോന്നും പ്രവർത്തികമാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനത്തോടെ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഡോ.ഭീംറാവു അംബേദ്കർ ഇന്റർനാഷണൽ സെന്ററിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. പട്ടികജാതി-പട്ടികവർഗ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും മത്സര പരീക്ഷകൾക്കും സ്‌കോളർഷിപ്പ് നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നതെങ്കിൽ ഇന്ന് വേർതിരിവുകൾ ഇല്ലാതെ പദ്ധതിയുടെ ഗുണം അർഹരായവർക്ക് ലഭ്യമാക്കുന്നുണ്ട്. ഡോ.അംബേദ്കർ ഭരണഘടനയിൽ ഒപ്പിടുന്നത് നവംബർ 26 നാണ്. എന്നാൽ ഈ സുപ്രധാന ദിനം മുൻകാലങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. 2015 മുതലാണ് നവംബർ 26 ന് ഭരണഘടനാ ദിനമായി ആചരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015-16 വർഷത്തിൽ, സമാജ്‌വാദി പാർട്ടി എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കുമുള്ള സ്കോളർഷിപ്പുകൾ നിർത്തിവച്ചു, സഹാറൻപൂരിലെ മെഡിക്കൽ കോളേജിന്റെയും ലഖ്‌നൗവിലെ ഭാഷാ സർവ്വകലാശാലയുടെയും പേര് മാറ്റി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്വാമിത്വ യോജന പദ്ധതി പ്രകാരം 66 ലക്ഷം കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം അനുവദിച്ചു. ജനങ്ങളുടെ ക്ഷേമം, സുരക്ഷ, സന്തോഷം എന്നിവ ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു .സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പ്രാധാന്യമാണ് നരേന്ദ്രമോദി സർക്കാർ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post