ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി എസ് പി. തൊഴിലാളി സ്ത്രീകൾക്കും കർഷകർക്കും സൗജന്യമായി സ്മാർട്ട്ഫോണുകളും വാഷിംഗ് മെഷീനുകളും നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകും. ഇതിൽ 55 ശതമാനം വനിതകൾക്കായിരിക്കും. തൊഴിലാളി സ്ത്രീകൾക്ക് സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകുമെന്നും ബി എസ് പി പ്രകടനപത്രികയിൽ അവകാശപ്പെടുന്നു.
ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകും. വനിതകളുടെ പേരിലായിരിക്കും ഭൂമി നൽകുക. പാർട്ടി അധികാരത്തിൽ വന്നാൽ മന്ത്രിസഭയിൽ 33 ശതമാനം പേർ വനിതകളായിരിക്കും. വിദ്യാർത്ഥി നേതാക്കൾക്ക് മന്ത്രിസഭയിൽ നിർണായക സ്ഥാനം നൽകുമെന്നും ബി എസ് പി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ആർ എസ് പ്രവീൺ കുമാർ വ്യക്തമാക്കി.
വീടില്ലാത്തവർക്ക് വീട് നൽകും. ഇതിനായി ഓരോരുത്തർക്കും 6 ലക്ഷം രൂപ വീതം നൽകും. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകും. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നവർക്ക് സബ്സിഡികൾ നൽകും. ഇതിനായി ധരണി പോർട്ടൽ ആരംഭിക്കുമെന്നും ബി എസ് പി വാഗ്ദാനം ചെയ്യുന്നു.
ഓരോ മണ്ഡലത്തിലും ഒരു ഇന്റർനാഷണൽ സ്കൂൾ വീതം സ്ഥാപിക്കും. പ്രതിവർഷം ഓരോ മണ്ഡലങ്ങളിൽ നിന്നും 100 വിദ്യാർത്ഥികൾക്ക് വീതം വിദേശ വിദ്യാഭ്യാസം നൽകും. പോഷകാഹാരം ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ മേഖലക്കുമായി പ്രതിവർഷം 25,000 കോടി രൂപ വീതം വകയിരുത്തുമെന്നും പ്രകടനപത്രികയിൽ ബി എസ് പി പറയുന്നു.
Discussion about this post