തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നതായി ആക്ഷേപം. സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളൊക്കെയും സാമ്പത്തിക പ്രതിസന്ധിയില്‍ പാതി വഴിയില്‍ നില്ക്കുമ്പോള് മുഖ്യമന്ത്രിയുടെ പേരില്‍ ടെന്നീസ് ടൂര്‍ണമെന്റ് നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി 82 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പരിപാടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഇന്റര്‍നാഷണല്‍ ചെന്നീസ് ടൂര്‍ണമെന്റ് എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി 82 ലക്ഷത്തിലധികം രൂപയാണ് ചിലവ്. വരുന്ന ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മത്സരം നടക്കുക. എന്നാല്‍ മത്സരം നടത്താന്‍ തീരുമാനമായതോടെ 40 ലക്ഷം രൂപ ഉടന്‍ സംഘാടകര്‍ക്ക് അനുവദിക്കപ്പെട്ടു. അതേസമയം വിഴിഞ്ഞമടക്കമുള്ള പദ്ധതികളുടെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുകയനുവദിക്കുന്നതില് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ ഇത്തരം അനാവശ്യ ധൂര്‍ത്തിന് പണം നല്കിയ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
വിഴിഞ്ഞമുള്പ്പടെയുള്ള വന്‍കിട വികസന പദ്ധതികള്‍ക്കായി 360 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് 338.61 കോടി അനുവദിക്കണെമന്നാവശ്യപ്പെട്ട് സീപോര്‍ട്ട് എംഡിയായിരുന്ന അദീല അബ്ദുള്ള ഐഎഎസ് ഏപ്രില്‍ 28 ന് സര്‍ക്കാരിന് കത്തയച്ചിരുന്നു. കത്ത് പരിശോധിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി തലവനായ ഹൈപവര്‍ കമ്മിറ്റി 16.25 കോടി രൂപ അനുവദിക്കാമെന്ന് ജൂണ്‍ 24 ന് തീരുമാനമെടുത്തെങ്കിലും പണം അനുവദിച്ചത് തുറമുഖത്തിന്റെ ഉദ്ഘാടനത്തിന്റെ രണ്ടു ദിവസം മുമ്പുമാത്രമാണ്.
എന്നാല്‍ സര്‍ക്കാരിന്റെ ഖജനാവ് കാലിയാക്കി കൊണ്ട് ഏഴു ദിവസം നീണ്ടു നില്ക്കുന്ന കേരളീയമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 27 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പോലും വിളിക്കാതെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഈ തുക വകയിരിത്തയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Discussion about this post