ഹമാസ്- ഇസ്രായേൽ യുദ്ധം 13 ാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. രക്തച്ചൊരിച്ചിലിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് യുദ്ധം ആരംഭിച്ചപ്പോഴെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായി നമ്മുടെ കേരളത്തിനും വളരെ അടുത്ത ബന്ധമുണ്ട്.
ഇസ്രായേൽ പോലീസ് സേന ധരിക്കുന്ന യൂണിഫോം തയ്യാറാക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലെ കണ്ണൂർ ജില്ലയിലെ തയ്യൽ തൊഴിലാളികളായ സ്ത്രീകളാണ്. കണ്ണൂരിലെ ‘മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലുള്ള വസ്ത്രനിർമാണ കമ്പനിയാണ് ഇസ്രായേൽ സേനയ്ക്കുള്ള യൂണിഫോം തയ്യാറാക്കുന്നത്.
കൈത്തറി നിർമ്മാണത്തിന്റെയും തുണിത്തരങ്ങളുടെ കയറ്റുമതിയുടെയും മഹത്തായ പാരമ്പര്യത്തിന് പേരുകേട്ട കണ്ണൂരിലെ ഈ കമ്പനി കഴിഞ്ഞ എട്ട് വർഷമായി ഇസ്രായേലിയൻ പോലീസിനുള്ള യൂണിഫോം നിർമ്മിച്ച് നൽകുന്നു.
മുംബൈയിൽ താമസിക്കുന്ന തോമസ് ഓലിക്കൽ എന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ നിന്നും എല്ലാ വർഷവും ഒരു ലക്ഷം യൂണിഫോമാണ് തയ്യാറാക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥർ വർഷത്തിൽ ഒരിക്കൽ കണ്ണൂരിലെ സ്ഥാപനത്തിൽ എത്താറുമുണ്ട്.
യുദ്ധം ആരംഭിച്ചതിന് ശേഷവും ഇസ്രായേൽ പോലീസ് കമ്പനിയെ സമീപിക്കുകയും കൂടുതൽ യൂണിഫോമുകൾക്കായി ഓർഡർ നൽകുകയും ചെയ്തുവെന്ന് കമ്പനി ഉടമ പറയുന്നു. അതേ സമയം സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ തുടർന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി.
Discussion about this post