ചെന്നൈ : ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുക്കിയ ലിയോ. ഇന്ന് ലോകത്തെമ്പാടും ആറായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസായത്. സിനിമ റിലീസ് ആയി ആദ്യ ദിനം തന്നെ കളക്ഷനിൽ റെക്കോർഡ് നേടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹോളിവുഡ് ചിത്രം എ ഹിസ്റ്ററി ഓഫ് വയലൻസിന്റെ റീമേക്കാണ് ലിയോ എന്ന് സിനിമ പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ നാം കേൾക്കുന്നുണ്ട്. എന്നാൽ സംവിധായകൻ ലോകേഷ് കനകരാജോ, മറ്റ് അണിയറ പ്രവർത്തകരോ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നില്ല. ചിത്രം കാണുമ്പോൾ മനസിലാകും എന്ന രീതിയിലാണ് ഇവർ ആദ്യം മുതലേ സംസാരിച്ചത്.
എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ചിത്രത്തിന് അടിസ്ഥാനമായ ഗ്രാഫിക് നോവലിൻറെ അവകാശം ലിയോ നിർമ്മാതാക്കൾ വാങ്ങിയിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി.
എന്നാൽ വ്യാഴാഴ്ച ആദ്യഷോ കഴിഞ്ഞപ്പോൾ തന്നെ ആ കൺഫ്യൂഷൻ മാറിയിരിക്കുകയാണ്.
ഹിസ്റ്ററി ഓഫ് വയൻസിനുള്ള ആദരമാണ് ചിത്രം എന്നാണ് ലോകേഷ് കനകരാജ് ടൈറ്റിൽ കാർഡിന് മുന്നിൽ തന്നെ എഴുതിയിരിക്കുന്നത്.
ഡേവിഡ് ക്രോണൻബെർഗ് സംവിധാനം ചെയ്ത ചിത്രമാണ് എ ഹിസ്റ്ററി ഓഫ് വയലൻസ്. ജോഷ് ഓൾസൺ ആണ് ഇതിൻറെ തിരക്കഥ. 2005ലാണ് ഈ ചിത്രം ഇറങ്ങിയത്. ജോൺ വാഗ്‌നർ, വിൻസ് ലോക്ക് എന്നിവർ 1997 ൽ എഴുതിയ ഗ്രാഫിക് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം.
Discussion about this post