ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പാര്‍ലമെന്ററി ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ തനിക്ക് നല്‍കിയതായി വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി. വ്യാഴാഴ്ച പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തയിരിക്കുന്നത്. മഹുവാ മൊയ്ത്രയുടെ പേരില്‍ ലോക്‌സഭയില്‍ ഉന്നയിക്കാനുള്ള ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് മഹുവ മൊയ്ത്ര തന്റെ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും പങ്കിട്ടതെന്നും ദര്‍ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തി.
രാഷ്ട്രീയത്തിന്റെ ബിസിനസില്‍ തങ്ങള്‍ ഉള്‍പ്പെട്ടില്ല എന്നായിരുന്നു ആരോപണങ്ങള്‍ നിഷേധിച്ചു ഹീരാനന്ദാനി ഗ്രൂപ്പ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍ വ്യാഴാഴ്ച പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദര്‍ശന്‍ ഹീരാനന്ദാനിയുടെ പുതിയ വെളിപ്പെടുത്തല്‍. മഹുവ മൊയ്ത്ര ദേശീയ തലത്തില്‍ സ്വയം പ്രശസ്തി നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നും, പ്രശസ്തിയിലേക്കുള്ള ഏറ്റവും എളുപ്പ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കളും ഉപദേശകരും നിര്‍ദ്ദേശിച്ചിരുന്നതായും സത്യവാങ്മൂലത്തില്‍ ദര്‍ശന്‍ പറയുന്നു.
കൂടാതെ അദാനിയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും നാണംകെടുത്താനും മെഹുവ മൊയ്ത്ര ശ്രമിച്ചുവെന്നും ദര്‍ശന്‍ അവകാശപ്പെട്ടു. “എംപി എന്ന നിലയില്‍ അവരുടെ ഇമെയില്‍ ഐഡിയും പാസ്വേര്‍ഡും അവര്‍ എനിക്ക് നല്‍കി. അതിലൂടെ അവര്‍ക്ക് വിവരങ്ങള്‍ അയക്കാന്‍ എനിക്ക് സാധിക്കുകയും അതില്‍ നിന്ന് സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്തു. അവരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മുന്നോട്ട് പോകുകയായിരുന്നു താന്‍”, ദര്‍ശന്‍ ഹീരാനന്ദാനി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മഹുവ മൊയ്ത്ര ഇടയ്ക്കിടെ അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും നിരന്തരം വിവിധ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആനുകൂല്യങ്ങള്‍ക്ക് പുറമേ വിലകൂടിയ ആഡംബര വസ്തുക്കള്‍ സമ്മാനമായി നല്‍കുകയും, ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് നവീകരിക്കുന്നതിനുള്ള ചിലവും, അവധി ദിനങ്ങള്‍ അടക്കമുള്ള നിരവധി യാത്രാ ചെലവുകളും താന്‍ വഹിച്ചിരുന്നതായി ദര്‍ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തി. മൊയ്ത്ര അനാവശ്യമായ മുതലെടുപ്പ് നടത്തുന്നതായും കാര്യങ്ങള്‍ നിറവേറ്റാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നതായും തനിക്ക് തോന്നിയെന്നും ഹീരാനന്ദാനി സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു.
സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസം. മഹുവ മൊയ്ത്രയും വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയും തമ്മില്‍ കൈക്കൂലി കൈമാറിയെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്ക് കത്തയച്ചതായി നിഷികാന്ത് ദുബെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിക്കും എതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര ചൊവ്വാഴ്ച വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ‘ഒരു ലോക്സഭാ അംഗമെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍’ താന്‍ സ്വീകരിച്ചുവെന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും വ്യാജവും അടിസ്ഥാനരഹിതവും തെളിവുകളുടെ ഒരു കണിക പോലും ഇല്ലാത്തതുമാണെന്നാണ് മഹുവ മൊയ്ത്രയുടെ വാദം.
Discussion about this post