ലക്‌നൗ: അയോദ്ധ്യയിൽ ആശ്രമത്തിൽ സന്യാസി കൊല്ലപ്പെട്ടു. 44 കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹനുമാൻഗഡിയിലെ ആശ്രമത്തിലാണ് റാം സഹാരെ കഴിഞ്ഞിരുന്നത്. രാവിലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് മറ്റുള്ളവർ കിടപ്പുമുറിയിൽ എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ റാം സഹാരെയുടെ ശിഷ്യൻ ഉൾപ്പെടെയാണ് പിടിയിലായത്. അദ്ദേഹത്തിന്റെ പക്കൽ വിലപിടിപ്പുള്ള പലതും ഉണ്ടായിരുന്നു. ഇത് തട്ടിയെടുക്കുക ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പോലീസ് പറഞ്ഞു.
വയർ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. സംഭവ സമയം മുറിയ്ക്കുള്ളിലെ സിസിടിവി ക്യാമറ വിച്ഛേദിച്ചിരുന്നു. ഇതാണ് ആശ്രമത്തിനുള്ളിലുള്ളവരാകാം കൊലനടത്തിയത് എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രതിയായ ശിഷ്യൻ കുറ്റം സമ്മതിച്ചു. ഇതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post