ന്യൂഡൽഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻമുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ് അച്ചുതാനന്ദന് ജന്മദിനാശംസകളേകി പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറാം ജന്മദിനമാഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് ഈ വിശേഷാവസരത്തിൽ ആശംസ നേരുന്നു എന്നായിരുന്നു നരേന്ദ്രമോദി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.
കേരളത്തിലെ ജനങ്ങൾക്കായി അദ്ദേഹം ദശകത്തോളം പ്രവർത്തിച്ചു. മുമ്പ് അദ്ദേഹവുമായി സംഭാഷണം നടത്തിയത് ഈയവസരത്തിൽ ഓർക്കുന്നു. അന്ന് ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജൻമനാട്ടിലെ മുഖ്യമന്ത്രിമാരായിരുന്നു. അദ്ദേഹത്തിന് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു എന്നും പ്രധാനമന്ത്രി കുറിപ്പിൽ കൂട്ടിച്ചേർത്തു. വി.എസിനോടൊപ്പമുള്ള ഫോട്ടോയും നരേന്ദ്രമോദി പങ്കുവെച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഇവരോടൊപ്പം കാണാം.
അതേസമയം വിഎസിന് നേരിട്ട് ആശംസയേകി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് നാലോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്‍റെ വീട്ടില്‍ പിണറായി വിജയന്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ അറിയിച്ചത്. വിഎസിന് പ്രത്യേക ആശംസാകുറിപ്പിലൂടെ നേരത്തെ പിണറായി വിജയന്‍ പിറന്നാള്‍ ആശംസ അറിയിച്ചിരുന്നെങ്കിലും വിഎസിന്‍റെ വീട്ടിലേക്ക് എപ്പോഴാണ് എത്തുകയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കായി പോകുന്നതിനിടെയാണ് വി.എസിന്‍റെ വീട്ടില്‍ പിണറായി വിജയന്‍ എത്തിയത്.
Discussion about this post