റിയാദ് : ഇസ്രായേൽ സന്ദർശനത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സൗദി അറേബ്യ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിയാദിലെത്തിയത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ് ബിൻ സൽമാനുമായി റിഷി സുനക് കൂടിക്കാഴ്ച നടത്തി. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിെൻറ അവകാശത്തെ ബ്രിട്ടൻ പിന്തുണയ്ക്കുന്നുവെന്ന് കഴിഞ്ഞദിവസം റിഷി സുനക് വ്യക്തമാക്കിയിരുന്നു
ഇസ്രായേലിൽ പ്രസിഡൻറ് ഇസാക് ഹെർസോഗിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കണ്ട ശേഷമാണ് റിഷി സുനക് സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പലസ്തീൻ വിഷയം ചർച്ചയായോ എന്നുള്ളത് സംബന്ധിച്ച് ബ്രിട്ടൻ വ്യക്തത വരുത്തിയിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്. പശ്ചിമേഷ്യയിൽ സൗദി അറേബ്യ തങ്ങളുടെ ഒരു സുപ്രധാന പങ്കാളിയാണെന്നും അതിനാലാണ് കൂടിക്കാഴ്ച നടത്തുന്നത് എന്നുമാണ് ബ്രിട്ടന്റെ വക്താവ് വ്യക്തമാക്കിയത്.
സൗദിയിൽ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ റിയാദ് ഡപ്യൂട്ടി ഗവർണർ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനാണ് സ്വീകരിച്ചത്. ഗാസയിലേക്ക് മനുഷ്യത്വപരമായ സഹായങ്ങളെത്തിക്കാൻ നടപടിയുണ്ടാകണമെന്ന് റിഷി സുനക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post