ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള വിക്ഷേപണ പരീക്ഷണം നിർത്തിവച്ച് എസ്‌ഐഎസ്ആർഒ. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നായിരുന്നു പരീക്ഷണം മാറ്റിവച്ചത്. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ആയിരുന്നു നടക്കാനിരുന്നത്.
8.45 നായിരുന്നു പരീക്ഷണം ആരംഭിക്കാനിരുന്നത്. കൗൺഡൗണിനിടെ കമ്പ്യൂട്ടർ ഓട്ടോമാറ്റിക് ആയി ഹോൾഡ് ആകുകയായിരുന്നു. ലോഞ്ചിന് അഞ്ച് സെക്കൻഡ് ബാക്കി നിൽക്കേയായിരുന്നു കൗൺഡൗൺ ഹോൾഡ് ആയത്. വികാസ് എൻജിൻ ജ്വലിക്കാൻ ആരംഭിച്ചിരുന്നു. എന്താണ് യഥാർത്ഥ പ്രശ്‌നമെന്ന് വ്യക്തമല്ല.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഗഗൻയാൻ ടിവി- ഡി 1 എന്ന വിക്ഷേപണ വാഹനത്തിലായിരുന്നു ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനിരുന്നത്. പരീക്ഷണം ഇനി എന്ന് നടക്കുമെന്ന് ഐഎസ്ആർഒ പിന്നീട് അറിയിക്കും.
ഗഗൻയാൻ യാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണം ആയിരുന്നു നടക്കാനിരുന്നത്. എട്ട് മണിയ്ക്കായിരുന്നു ദൗത്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇത് പിന്നീട് അര മണിക്കൂർ നീട്ടിവയ്ക്കുന്നതായി ഐഎസ്ആർഒ അറിയിക്കുകയായിരുന്നു.
Discussion about this post