തൃശ്ശൂർ: ഗുരൂവായൂർ ക്ഷേത്രത്തിലേക്ക് സ്വർണം കൊണ്ടുള്ള ഓടക്കുഴൽ വഴിപാടായി നൽകി ഭക്തൻ. കോട്ടയം ചങ്ങനാശ്ശേരി ദ്വാരകയിൽ രതീഷ് മോഹനാണ് ഓടക്കുഴൽ സമർപ്പിച്ചത്. ക്ഷേത്രം ഭാരവാഹികൾ ഓടക്കുഴൽ ഏറ്റുവാങ്ങി.
ഇന്നലെ പുലർച്ചെ കുടുംബ സമേതം എത്തിയായിരുന്നു രതീഷ് മോഹൻ കണ്ണന് ഓടക്കുഴൽ സമർപ്പിച്ചത്. ഓടക്കുഴലിന് 40 പവനോളം തൂക്കം വരും. ക്ഷേത്രം അസി.മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. ഷാർജയിൽ ബിസിനസ് നടത്തിവരികയാണ് രതീഷ് മോഹൻ. എല്ലാ മലയാളമാസം ഒന്നാം തിയതിയും അദ്ദേഹം ക്ഷേത്രത്തിന് അന്നദാനത്തിനുള്ള സഹായം നൽകാറുണ്ട്.
കഴിഞ്ഞ മാസം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു ഭക്തൻ സ്വർണ കിരീടം കാണിക്കയായി അർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓടക്കുഴൽ ലഭിക്കുന്നത്. കോയമ്പത്തൂരിൽ താമസിക്കുന്ന കൈനൂർ സ്വദേശി കെ. വി രാജേഷ് ആചാരിയാണ് ഗുരുവായൂരപ്പന് കിരീടം സമ്മാനിച്ചത്. എട്ട് ഇഞ്ച് ഉയരമുള്ള സ്വർണക്കിരീടത്തിന് 38 പവൻ തൂക്കം വരും. ഇക്കഴിഞ്ഞ ജൂലൈയിൽ സ്വർണ കിണ്ടിയും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ചിരുന്നു.












