ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ച ഗഗൻയാൻ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപണ വാഹനത്തിൽ നിന്നും വേർപെടുകയും പാരച്ചൂട്ടുകൾ വിടരുകയും ചെയ്തതോടെയായിരുന്നു പരീക്ഷണം വിജയകരമായി പൂർത്തിയാത്. ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിർണായക പരീക്ഷണം ആയിരുന്നു ഇത്.
രാവിലെ 10 മണിയോട് കൂടി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഗഗൻയാൻ ടിവി – ഡി വിക്ഷേപണ വാഹനത്തിലായിരുന്നു പരീക്ഷണം. വിക്ഷേപിച്ച് 62 സെക്കൻഡിനുള്ളിൽ തന്നെ വിക്ഷേപണ വാഹനത്തിൽ നിന്നും ക്രൂ എസ്‌കേപ്പ് സിസ്റ്റം വേർപെട്ടു. പിന്നീട് 97 മത്തെ സെക്കൻഡിൽ ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നും വേർ പെടുകയായിരുന്നു. സെക്കൻഡുകൾക്ക് ശേഷം പാരച്ചൂട്ടൂകളും വിടർന്നു. കടലിൽ നിന്നും വിട്ട് മാറി രണ്ടര കിലോ മീറ്റർ ഉയരത്തിൽവച്ച് പ്രധാന പാരച്യൂട്ടുകൾ വിടർന്നു. ഇതോടെയാണ് പരീക്ഷണം പൂർത്തിയായത്. ഇവിടെ നിന്നും നാവിക സേന ഇവ കരയിൽ എത്തിക്കും. ഇത്തരത്തിൽ ആയിരിക്കും ബഹിരാകാശ യാത്രികരും രക്ഷപ്പെടുക. കടലിൽ വീഴുന്ന ഇവരെ നാവിക സേന സുരക്ഷിതമായി കരയിൽ എത്തിക്കും.
മൂന്ന് തവണ മാറ്റിവച്ച ശേഷമായിരുന്നു ദൗത്യം പൂർത്തിയാക്കിയത്. രാവിലെ എട്ട് മണിയ്ക്കായിരുന്നു പരീക്ഷണം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഇത് മാറ്റിവയ്്ക്കുകയായിരുന്നു. ശേഷം 8.45 ന് കൗൺഡൗൺ ആരംഭിച്ചു. എന്നാൽ അഞ്ച് സെക്കൻഡ് ബാക്കി നിൽക്കേ സാങ്കേതിക തകരാറിനെ തുടർന്ന് കൗൺഡൗൺ നിർത്തിവയ്ക്കുകയായിരുന്നു. പിന്നാലെ ദൗത്യം നിർത്തിവയ്ക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു. എന്നാൽ സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വീണ്ടും പരീക്ഷണം നടത്തുകയായിരുന്നു.
Discussion about this post