അഹമ്മദാബാദ്: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്കായി ചാരപ്പണി ചെയ്ത 53 കാരൻ അറസ്റ്റിൽ. താരാപൂർ സ്വദേശിയായ പാക് വംശജൻ ലാഭ് ശങ്കർ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പാകിസ്താനിലിരുന്ന് ഇന്ത്യയിലെ മിലിട്ടറി ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും വാട്‌സ് ആപ് വിവരങ്ങൾ ചോർത്താനാണ് ഇയാൾ സഹായിച്ചത്. പാക് രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.റാറ്റ് (ഞഅഠ) മാൽവെയർ ഉപയോഗിച്ചാണ് അവരുടെ ഫോണുകളിലെ വിവരം ചോർത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഹർ ഘർ തിരംഗ എന്ന പേരിൽ ഫയലുകളും പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളും ആൻഡ്രോയിഡ് പാക്കേജ് (എപികെ) ഉപയോഗിച്ച് അയച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
1999 ൽ ഭാര്യയോടൊപ്പമാണ് ഇയാൾ ഇന്ത്യയിലെത്തിയത്. താരാപൂരിലെ മരുമകന്റെ വീട്ടിൽ താമസിച്ച് ദീർഘകാല ഇന്ത്യൻ വിസയ്ക്ക് അപേക്ഷിച്ചു. തുടർന്ന് 2006ൽ ഇന്ത്യൻ പൗരത്വം ലഭിച്ചു.കഴിഞ്ഞ വർഷം ഇയാൾ പാകിസ്താനിൽ വച്ച് മാതാപിതാക്കളെ സന്ദർശിച്ചപ്പോൾ ഒരു പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധതായാണ ് വിവരം. 2022ൽ തന്റെ കുടുംബത്തെ കാണാൻ ഇയാൾ പാക് വിസയ്ക്ക് അപേക്ഷിച്ചു. തുടർന്ന് പാകിസ്ഥാനിൽ താമസിക്കുന്ന മഹേശ്വരിയുടെ ബന്ധുവായ കിഷോർ, വിസ നടപടികൾ വേഗത്തിലാക്കാൻ പാക് എംബസിയിൽ ജോലി ചെയ്യുന്ന വ്യക്തിയെ പരിചയപ്പെടുത്തി. വിസ അനുവദിക്കുകയും മഹേശ്വരിയും ഭാര്യയും പാക് സന്ദർശിക്കുകയും ചെയ്തു.
പാക് എംബസിയിൽ ജോലി ചെയ്യുന്നയാൾ തന്റെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം സിം കാർഡ് പാകിസ്താനിലേക്ക് അയയ്ക്കാൻ മഹേശ്വരിയെ ചുമതലപ്പെടുത്തി. പിന്നീട്, മഹേശ്വരി തന്റെ സഹോദരിക്കും മരുമകൾക്കും വിസ ലഭിക്കുന്നതിന് ഇതേ വ്യക്തിയെ ബന്ധപ്പെട്ടു. പകരമായി സിം കാർഡ് നൽകുകയും വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി എംബസി ഉദ്യോഗസ്ഥനുമായി ഒടിപി ഷെയർ ചെയ്യുകയും ചെയ്തു. മഹേശ്വരിയുടെ സഹോദരി പാകിസ്താനിലെ ബന്ധുവായ കിഷോറിന് സിം കാർഡ് നൽകി. കിഷോർ ഒരു പാക് ഏജന്റിന് കാർഡ് കൈമാറി. വാട്സ്ആപ്പ് നമ്പർ പാകിസ്താനിൽ ഇപ്പോഴും സജീവമാണെന്നാണ് വിവരം.
Discussion about this post