ലണ്ടൻ : ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസതാരമായ സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട താരമാണ് വിടവാങ്ങുന്നത്. 1966 ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഇംഗ്ലണ്ടിനെ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമായിരുന്നു സര്‍ ബോബി ചാള്‍ട്ടന്‍.
ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനു വേണ്ടിയും നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് ബോബി ചാള്‍ട്ടന്‍. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 49 രാജ്യാന്തര ഗോളുകള്‍ ഇംഗ്ലണ്ടിനായി നേടി കൊടുത്തിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 758 മത്സരങ്ങളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1966ൽ അദ്ദേഹം ബാലൺ ഡി ഓർ പുരസ്‌കാരവും കരസ്ഥമാക്കി.
86-ആമത്തെ വയസ്സിലാണ് ബോബി ചാള്‍ട്ടന്‍ വിടവാങ്ങുന്നത്. ഫുട്ബോൾ കരിയർ അവസാനിപ്പിച്ചതിനുശേഷം 36 വർഷത്തോളം ചാള്‍ട്ടന്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡയറക്ടർ സ്ഥാനം വഹിച്ചിരുന്നു. 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു അദ്ദേഹം.
Discussion about this post