ചെങ്ങന്നൂർ : വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിൽ പോകാനായി കൂടുതൽ തീർത്ഥാടകരും ചെങ്ങന്നൂർ സ്‌റ്റേഷനിലാണ് എത്തുന്നതെന്ന് അറിഞ്ഞാണ് പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും സ്റ്റോപ്പ് അനുവദിച്ചതെന്നും വി മുരളീധരൻ പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിന് നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് പുതിയ റെയിൽവേ ടൈംടേബിൾ പരിഷ്കരണം വരുന്നതോടെ പരിഹാരമാവുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 6. 53 നാണ് ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയത്. വന്ദേ ഭാരതിന് സ്റ്റേഷനിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ശബരിമലയിലേക്കുള്ള പ്രധാന സ്റ്റേഷൻ ആയതിനാൽ വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം വി മുരളീധരൻ ആണ് റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത് .സ്വീകരണ ചടങ്ങിൽ മുരളീധരനോടൊപ്പം ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം പി തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post