ചെന്നൈ; ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ മലർത്തിയടിച്ച് അഫ്ഗാൻ. 283 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ആറ് പന്തുകൾ ബാക്കി നിൽക്കെയാണ് ആധികാരിക വിജയം നേടിയത്. നേരത്തെ ഇംഗ്ലണ്ടിനെ 69 റൺസിന് അട്ടിമറിച്ച അഫ്ഗാൻ വീണ്ടും മികച്ച പ്രകടനം ആവർത്തിക്കുകയായിരുന്നു. പാകിസ്താനെതിരെ അഫ്ഗാന്റെ ഏകദിന മത്സരത്തിലെ ആദ്യ വിജയമാണിത്.
മുൻനിര ബാറ്റർമാരുടെ മിന്നുന്ന പ്രകടനമാണ് അഫ്ഗാന് തുണയായത്. 113 പന്തിൽ 87 റൺസെടുത്ത ഇബ്രാഹീം സഡ്രാൻ ആണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. റഹ്മാനുളള ഗുർബാസ് 53 പന്തിൽ 65 റൺസും റഹ്മത് ഷാ പുറത്താകാതെ 84 പന്തിൽ 77 റൺസുമെടുത്തു. ക്യാപ്റ്റൻ ഹഷ്മത്തുളള ഷഹീദി 45 പന്തിൽ 48 റൺസുമായി ടീമിന്റെ വിജയത്തിന് മികച്ച പിന്തുണ നൽകി.
ടോസ് നേടിയ പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ക്യാപ്റ്റൻ ബാബർ അസം 92 പന്തിൽ 74 റൺസ് നേടിയതും ഒന്നാമനായി ഇറങ്ങിയ അബ്ദുളള ഷാഫിഖി 75 പന്തിൽ നേടിയ 58 റൺസും ഒഴികെ പാക് നിരയിൽ കാര്യമായ സംഭാവനകൾ ഉണ്ടായില്ല. ഷഹാബ് ഖാനും ഇഫ്തിക്കർ അഹമ്മദും 40 റൺസ് വീതമെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് ആയിരുന്നു പാകിസ്താന്റെ സ്‌കോർ.
പത്ത് ഓവറിൽ 49 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ നൂർ അഹമ്മദും ഏഴ് ഓവറിൽ 52 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ നവീൻ ഉൽ ഹഖും ആയിരുന്നു അഫ്ഗാൻ ബൗളിംഗിന്റെ തുറുപ്പുചീട്ടുകൾ.
Discussion about this post