ന്യൂഡൽഹി : ദസറ ആഘോഷങ്ങളുടെ നിറവിലാണ് ഉത്തരേന്ത്യ. ഡൽഹി ദ്വാരകയിലെ രാംലീല മൈതാനിയിൽ രാവണ ദഹന ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുത്തു. എല്ലാ ഭാരതീയർക്കും പ്രധാനമന്ത്രി വിജയദശമി ആശംസകൾ നേർന്നു. വിജയദശമി ആഘോഷം അനീതിക്കെതിരെ നീതിയുടെ വിജയത്തിന്റെയും അഹന്തയ്‌ക്കെതിരായ വിനയത്തിന്റെ വിജയത്തിന്റെയും കോപത്തിന്മേൽ ക്ഷമയുടെ വിജയത്തിന്റെയും ഉത്സവമാണെന്ന് മോദി വ്യക്തമാക്കി.
” ഭാരതത്തിൽ വിജയദശമി ദിനത്തിൽ ആയുധങ്ങൾ പൂജിക്കുന്ന ഒരു ആചാരമുണ്ട്. ഇന്ത്യൻ മണ്ണിൽ ആയുധങ്ങളെ ആരാധിക്കുന്നത് ഒരു ദേശത്തും ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് അതിനെ സംരക്ഷിക്കാനാണ്.
വിജയദശമി ആഘോഷം രാവണനെതിരായ രാമന്റെ വിജയത്തിന്റെ ഉത്സവം മാത്രമല്ല, രാജ്യത്തിന്റെ എല്ലാ തിന്മകൾക്കുമെതിരെ ദേശസ്നേഹത്തിന്റെ വിജയത്തിന്റെ ഉത്സവം കൂടിയാകണം.
സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാൻ എല്ലാ ഭാരതീയരും പ്രതിജ്ഞയെടുക്കണം” എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ഭാരതീയരായ നമ്മുടെ ക്ഷമയുടെ വിജയത്തിന്റെ പ്രതീകമാണ് ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രമെന്ന് മോദി വ്യക്തമാക്കി. ശ്രീരാമന്റെ ഏറ്റവും മഹത്തായ ക്ഷേത്രം പണിയുന്നത് കാണാൻ കഴിഞ്ഞത് നമുക്ക് ഭാഗ്യമാണ്. അയോധ്യയിലെ അടുത്ത രാമനവമി ദിനത്തിൽ രാംലല്ലയുടെ ക്ഷേത്രത്തിൽ മുഴങ്ങുന്ന ഓരോ ജപവും ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കും. ശ്രീരാമന് രാമക്ഷേത്രത്തിൽ ഇരിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post