ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി നടി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനുള്ള പരിപൂർണ്ണ പിന്തുണ അറിയിച്ചതായി കങ്കണ വ്യക്തമാക്കി. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തേജസ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ എത്തിയപ്പോഴായിരുന്നു കങ്കണ ഇസ്രായേൽ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്.
ഹമാസ് ആധുനികകാലത്തെ രാവണൻ ആണെന്ന് കങ്കണ വ്യക്തമാക്കി. ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ടെന്ന് നൗർ ഗിലോണിനെ അറിയിച്ചതായും താരം വെളിപ്പെടുത്തി. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെയും ഇസ്രായേലിന്റെയും സംയുക്ത ശ്രമങ്ങളെയും കങ്കണ പ്രശംസിച്ചു.
“ഇന്ന് ലോകം മുഴുവനും, പ്രത്യേകിച്ച് ഇസ്രായേലും ഇന്ത്യയും ഭീകരതയ്‌ക്കെതിരെ പോരാടുകയാണ്. നവരാത്രി ചടങ്ങുകളുമായി ബന്ധപ്പെട്ട രാവണദഹനത്തിനായി ഡൽഹിയിലെത്തിയപ്പോൾ തന്നെ ഇസ്രായേൽ എംബസിയിൽ വന്ന് ഇന്നത്തെ ആധുനിക രാവണനായ ഹമാസിനെപ്പോലുള്ള തീവ്രവാദികൾക്കെതിരെ പോരാടുന്ന ആളുകളെ കാണണമെന്ന് തോന്നി. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുമെന്ന് എനിക്ക് പൂർണ പ്രതീക്ഷയുണ്ട്. എന്റെ വരാനിരിക്കുന്ന ചിത്രമായ തേജസിനെ കുറിച്ചും ഇന്ത്യയുടെ സ്വാശ്രയ യുദ്ധവിമാനമായ തേജസിനെ കുറിച്ചും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തു,” എന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വെളിപ്പെടുത്തി.
Discussion about this post