ഭോപ്പാൽ : മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് എസ്പിയുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. സംസ്ഥാനം മുഴുവനായി സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ബിജെപിക്ക് ഗുണം ചെയ്യുമെന്ന് തോന്നിയ സീറ്റുകളിൽ മാത്രമാണ് സഖ്യത്തിന് ശ്രമിച്ചതെന്നും കമൽനാഥ് വ്യക്തമാക്കി.
“എസ്പി സഖ്യത്തിനായി പരമാവധി ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ കണക്കിലെടുക്കുന്നു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല” എന്നും കമൽനാഥ് വ്യക്തമാക്കി. തന്റെ പാർട്ടിയെ കോൺഗ്രസ് വഞ്ചിച്ചതായി അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ ഈ പ്രതികരണം.
മധ്യപ്രദേശിൽ എസ്പിക്ക് സീറ്റുകൾ നൽകാൻ താൽപര്യമില്ലെങ്കിൽ കോൺഗ്രസ് അത് നേരത്തെ പറയണമായിരുന്നു എന്ന് അഖിലേഷ് യാദവ് വിമർശിച്ചിരുന്നു. ഇൻഡി സഖ്യത്തിന്റെ ഭാഗമാണ് ഇരു പാർട്ടികളും. ദേശീയതലത്തിലും കോൺഗ്രസ് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ ആർക്കാണ് അവരെ വിശ്വസിക്കാൻ കഴിയുക എന്നും അഖിലേഷ് യാദവ് ആരോപണമുന്നയിച്ചു. കോൺഗ്രസിന് മധ്യപ്രദേശിൽ അധികാരത്തിലേറാൻ എപ്പോഴും സഹായിച്ചിട്ടുള്ള പാർട്ടിയാണ് എസ്പി. ബിജെപിക്കെതിരെ ആശയക്കുഴപ്പത്തോടെ പോരാടിയാൽ ഒരിക്കലും വിജയിക്കില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
Discussion about this post