ബംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റുമെന്ന് ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഡി കെ ശിവകുമാർ ഈ വിവരം അറിയിച്ചത്.
ബെംഗളൂരുവിന്റെ മഹത്വത്തിന്റെയും പ്രശസ്തിയുടെയും ഭാഗമാകണമെന്നാണ് രാമനഗര ജില്ലയിലെ ജനങ്ങളുടെ ആഗ്രഹമെന്ന് ഡി കെ ശിവകുമാർ അഭിപ്രായപ്പെട്ടു. ഈ ആഗ്രഹം നിറവേറ്റാനുള്ള ശ്രമമാണ് കർണാടക സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. രാമനഗരയോടൊപ്പം ചന്നപട്ടണ, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടുന്നതായിരിക്കും ബംഗളൂരു സൗത്ത് എന്നും ഡി കെ വ്യക്തമാക്കി. രാമനഗര താലൂക്ക് ആയിരിക്കും ബംഗളൂരു സൗത്ത് ആസ്ഥാനമെന്നും സൂചനയുണ്ട്.
വൊക്കലിഗ ഹൃദയഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണ് രാമനഗര. ഡി കെ ശിവകുമാറിന്റെ സ്വന്തം മണ്ഡലമായ കനകപുര കൂടി ഉൾപ്പെടുത്തിയാണ് ബംഗളൂരു സൗത്ത് രൂപകല്പന ചെയ്യുന്നത്. നിരവധി വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. ശിവകുമാർ തന്റെ അനധികൃത ഇടപാടുകൾക്കായി ധിക്കാരപരമായ ശ്രമങ്ങൾ നടത്തുകയാണെന്ന് എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.
Discussion about this post