തിരുവനന്തപുരം; ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസ് തീവ്രവാദികളെ എംകെ മുനീർ ഉപമിച്ചത് ഭഗത് സിംഗിനെപ്പോലുളള സ്വാതന്ത്ര്യസമര സേനാനികളോടാണെന്ന് ബിജെപി. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലെ പ്രാസംഗികരുടെ വാക്കുകളും സമ്മേളനത്തിൽ വിളിച്ച മുദ്രാവാക്യങ്ങളും രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തികച്ചും വിനാശകരമായ നിലപാടാണ്. മുസ്ലീം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനും മതധ്രുവീകരണത്തിലൂടെ വോട്ട് നേടാനുമുളള വില കുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ടാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസ് തീവ്രവാദികളെ വെളള പൂശുന്ന പരിപാടിയിലാണ് തിരുവനന്തപുരം എംപി പങ്കെടുത്തത്. മതഭീകരവാദികളുടെ വോട്ട് നേടാൻ ഇസ്രായേൽ ഹമാസ് വിഷയവും രണ്ട് മുന്നണികളും ഉപയോഗപ്പെടുത്തുകയാണ്. നീയോ ഞാനോ എന്ന മത്സരമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മനുഷ്യക്കുരുതിയുടെ ഒരു വശം മാത്രമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഹമാസ് ആണ് അവിടെ യുദ്ധം തുടങ്ങിയത്. കൊച്ചുകുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കിയ ഹമാസിനെ വലിയ വിപ്ലവകാരികളായിട്ടാണ് ലീഗിന്റെ സമ്മേളനത്തിൽ പ്രസംഗിച്ചവർ വിശേഷിപ്പിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാനുളള തന്ത്രമാണ്.
ശശി തരൂർ ഹമാസിനെ ഭീകരരെന്ന് വിളിച്ചുവെന്ന് പറയുന്നുണ്ട്. എന്നാൽ ശശി തരൂർ ആ സമ്മേളനത്തിന് പോയതു തന്നെ തെറ്റാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ്. തെറ്റായ കീഴ്‌വഴക്കങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നേരത്തെ യുഎന്നിൽ ഇരുന്ന ആളാണ് ശശി തരൂർ. രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടിനെതിരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post