ന്യൂഡല്‍ഹി : പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഒക്ടോബര്‍ 31 ന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് മഹുവ മൊയ്ത്ര. തന്റെ മണ്ഡലത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ചില പരിപാടികള്‍ ഉണ്ടെന്നാണ് ഇതിന് കാരണമായി മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചത്.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എം പിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവെച്ചുവെന്നും തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കമ്മിറ്റി നിലവില്‍ അന്വേഷിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
വിഷയത്തില്‍ നിഷികാന്ത് ദുബെയുടെയും സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെയും മൊഴി ഇന്നലെ എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൃണമൂല്‍ എംപി മഹുവ മൊയ്ത്രയോട് ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അന്നേ ദിവസം തനിക്ക് ഹാജരാകാന്‍ കഴിയില്ല എന്ന മുറുപടിയാണ് മഹുവ നല്‍കിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം തന്റെ നിയോജക മണ്ഡലത്തില്‍ ചില പരിപാടികള്‍ ഏറ്റെടുത്തതിനാല്‍ അന്നേദിവസം ഹാജരാകാന്‍ ആകില്ലെന്നാണ് മഹുവ മൊയ്ത്ര അറിയിച്ചിരിക്കുന്നത്. നവംബര്‍ നാലിന് ഈ പരിപാടികള്‍ അവസാനിച്ചതിന് ശേഷം ഉടന്‍ തന്നെ സമിതിക്ക് മുമ്പാകെ ഹാജരാകുമെന്നും അവര്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യം വച്ചാണ് വ്യവസായിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയതെന്നും മഹുവ മൊയ്ത്രയക്കെതിരെ ആരോപണമുണ്ട്.
Discussion about this post