ന്യൂഡൽഹി: ലോകം മുഴുവൻ മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന സുദിനം അകലെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023 ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യ സ്മാർട്ട്‌ഫോണുകൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ 2023 ലെ കണക്കനുസരിച്ച്, സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 5, ഐഫോൺ 15 സീരീസ് പോലുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ ഭൂരിഭാഗം ഫോണുകളും രാജ്യം പ്രാദേശികമായി നിർമ്മിക്കുക മാത്രമല്ല, ആഗോള വിപണികളിലേക്ക് വലിയ രീതിയിൽ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമ്മാതാക്കളാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. 2024 ഓടെ പിക്‌സൽ 8 സീരീസ് ഇന്ത്യയിൽ നിർമ്മിക്കാനുള്ള ഗൂഗിളിന്റെ പദ്ധതികളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
ഇന്ത്യയിലെ 5G റോളൗട്ടുകളുടെ വേഗതയിൽ ലോകം അമ്പരന്നിരിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. 5G ലോഞ്ച് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ, 400,000-ലധികം ബേസ് സ്റ്റേഷനുകൾ ഉണ്ട്. ഇത് ജനസംഖ്യയുടെ 80 ശതമാനം പേർക്ക് കവറേജ് നൽകുകയും 97 ശതമാനം വരിക്കാർക്ക് സേവനം നൽകുകയും ചെയ്യുന്നു. 6ജി വിതരണത്തിലൂടെ ഇന്ത്യ ലോകത്തെ നയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post