ഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തില്‍ പിടിച്ച കാര്‍ ഇന്ന് ഡല്‍ഹിയില്‍ കത്തിയ്ക്കുമ. ഈ മാസം ആദ്യം മുംബൈയില്‍ നിന്ന് കാര്‍ ലേലത്തില്‍ പിടിച്ച ഓള് ഇന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ് ഗാസിയാബാദിനടുത്തുള്ള ഇന്ദ്രപുരത്ത് ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ കാര്‍ കത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
ഈ പ്രവൃത്തിയിലൂടെ ദാവൂദും അനുയായികളും ഇന്ത്യയില്‍, പ്രത്യേകിച്ചും മുംബൈയില്‍ പ്രചരിപ്പിച്ച ഭീകരവാദത്തിന് അന്ത്യകര്മമൊരുക്കുകയാണ് തന്റെ സംഘടനയുടെ ലക്ഷ്യമെന്ന് ചക്രപാണി പറഞ്ഞു. ഈ കാര്‍ ഒരു ആംബുലന്‍സ് ആക്കി മാറ്റാനായിരുന്നു പദ്ധതി.
എന്നാല്‍ കാര്‍ ലേലത്തില്‍ പിടിച്ചതിന് തിക്തഫലം അനുഭവിക്കുമെന്ന് ഡികമ്പനി ഭീഷണിപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ അതേ ഭാഷയില്‍ തന്നെ തിരിച്ചടി നല്‍കണമെന്ന് തീരുമാനിച്ചത്. പൊതുജനത്തെ സാക്ഷി നിര്‍ത്തിയായിരിക്കും കാറിന് തീ കൊളുത്തുക എന്നും ചക്രപാണി പറഞ്ഞു.
ഡികമ്പനിയുടെ ഭീഷണിയുണ്ടെന്ന് പൊലീസില്‍ ഇദ്ദേഹം ഡിസംബര്‍ 11ന് പരാതി നല്‍കിയിരുന്നു. തനിക്ക് ഭയമില്ലെന്നും അതിനാല്‍ സുരക്ഷയവാശ്യമില്ലെന്നുമുള്ള നിലപാടിലാണ് ചക്രപാണി. ദാവൂദിന്റെ പച്ച ഹുണ്ടായ് ആക്സന്റ് കാര്‍ 32,000 രൂപക്കാണ് ഇദ്ദേഹം ഡിസംബര്‍ 9ന് ലേലത്തില്‍ പിടിച്ചത്.
Discussion about this post