തിരുവനന്തപുരം: കേരളത്തിൽ ചിക്കൻവില കുതിച്ചുകയറുന്നു. തിരുവനന്തപുത്ത് ഒരു കിലോ വൃത്തിയാക്കിയ ചിക്കന്റെ ഇന്നത്തെ വില 256 രൂപയാണ്്. ജീവനോടെയാണ് വാങ്ങുന്നതെങ്കിൽ 162 രൂപ നൽകിയാൽ മതി. മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്.
കഴിഞ്ഞ നവംബറിൽ 90 രൂപ മാത്രമുണ്ടായിരുന്ന ഇറച്ചി വിലയാണ് ഇപ്പോൾ പെട്ടെന്ന് കുതിച്ചുയർന്നത്. ചൂട് കൂടുന്നതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് കടയുടമകൾ പറയുന്നു. ചെറുകിട കോഴിക്കച്ചവടക്കാർ ചൂട് കാലത്ത് പൊതുവെ കോഴിവളർത്തൽ നിർത്തിവയ്ക്കാറുണ്ട്. ചൂട് കൂടുമ്പോൾ കോഴികൾ തീറ്റയെടുക്കുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ കുറയുന്നു. ഇതോടെ കോഴികളുടെ തൂക്കം കുറയുന്നു. ഇത് കച്ചവടക്കാർക്ക് നഷ്ടമുണ്ടാക്കുന്നു. അതുമാത്രമല്ല, വേനൽ കാലത്ത് ചൂട് കാരണം ഒരുപാട് കോഴികൾ ചത്തുപോകുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് കച്ചവടക്കാർ വേനൽ സമയം കോഴിവളർത്തൽ കുറയ്ക്കുന്നത്.
സംസ്ഥാനത്ത് ബ്രോയിലർ കോഴികളുടെ ഉത്പാദനം കുറയുന്നതും കോഴിവില വർദ്ധനവിന്റെ മറ്റൊരു കാരണമാണ്. കേരളത്തിലെ ഉത്പാദനം കുറയുന്നതിന് അനുസരിച്ച് തമിഴ്‌നാട്, കർണാടക എന്നിങ്ങനെയുള്ള സംസ്ഥാനങ്ങൾ വില കുത്തനെ കൂട്ടി ലാഭം കൊയ്യുന്നു.
കോഴിവില വർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹോട്ടലുകാരെയാണ്. കോഴിവില
മാറുന്നതിന് അനുസരിച്ച് എപ്പോഴും കോഴി വിഭവങ്ങളുടെ വില മാറ്റിക്കൊണ്ടിരിക്കാൻ ഹോട്ടലുടമകൾക്കാവില്ല. അത്തരത്തിൽ വില മാറ്റുന്നത് കച്ചവടത്തെ ബാധിക്കുമെന്നാണ് ഉടമകൾ പറയുന്നത്. അതുകൊണ്ട് തന്നെ നൽകുന്ന കറിയിൽ ചിക്കൻ കഷ്ണങ്ങളുടെ എണ്ണവും വലിപ്പവുമൊക്കൈ കുറച്ചുകൊണ്ടാണ് ഇവർ ഈ പ്രതിസന്ധി മറികടക്കുന്നത്.
Discussion about this post