ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന തെലങ്കാനയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് ന്യൂനപക്ഷ വകുപ്പ് ചെയർമാന്റെ രാജി. തെലങ്കാനയിലെ സ്നേഹത്തിന്റെ കടയുടെ താക്കോൽ രാഹുൽഗാന്ധി ആർഎസ്എസ് ഏജന്റിന് നൽകിയിരിക്കുകയാണ് എന്നാണ് കോൺഗ്രസ് നേതാവും ന്യൂനപക്ഷ വകുപ്പ് ചെയർമാനുമായ അബ്ദുള്ള സൊഹൈൽ ഷേയ്ഖ് ആരോപണമുന്നയിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ കണ്ടെത്തുന്നത് അവർക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടോ എന്ന് നോക്കിയാണെന്നും അബ്ദുള്ള സൊഹൈൽ ഷേയ്ഖ് ആരോപിക്കുന്നു. “രണ്ടു വിഭാഗം ആളുകൾക്കാണ് തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് കോൺഗ്രസ് ടിക്കറ്റ് നൽകുന്നത്. ഒന്നുകിൽ അവർ വളരെ സമ്പത്തുള്ള ആളുകൾ ആയിരിക്കണം. അല്ലെങ്കിൽ അവർ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾ ആയിരിക്കണം. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കൂടുതൽ സ്ഥാനാർത്ഥികളും ഈ രണ്ടു വിഭാഗങ്ങളിൽ പെട്ടവരാണ് ” എന്നും അബ്ദുള്ള സൊഹൈൽ ഷേയ്ഖ് വിമർശിച്ചു.
ബിജെപിയുമായി ബന്ധമുള്ള സ്ഥാനാർത്ഥികളുമായി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്ന് കാണിച്ചാണ് സൊഹൈൽ ഷേയ്ഖ് ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയിരിക്കുന്നത്. “34 വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് താൻ. വയനാട് എംപിയായ രാഹുൽ ഗാന്ധി രാജ്യം മുഴുവൻ സ്നേഹത്തിന്റെ കട തുറക്കണം എന്നാണ് പറയുന്നത്. എന്നാൽ തെലങ്കാനയിലെ സ്നേഹത്തിന്റെ കടയുടെ താക്കോൽ അദ്ദേഹം ഒരു ആർഎസ്എസ് ഏജന്റിന്റെ കയ്യിലാണ് ഏൽപ്പിച്ചിരിക്കുന്നത്” എന്നും അബ്ദുള്ള സൊഹൈൽ ഷേയ്ഖ് രാജിക്കത്തിൽ വ്യക്തമാക്കി.
Discussion about this post